ADVERTISEMENT

ന്യൂഡൽഹി ∙ രാജ്യത്തു പ്രതിദിന കോവിഡ് ബാധിതരുടെ എണ്ണത്തിൽ വൻവർധന. ബുധനാഴ്ച മാത്രം റിപ്പോർട്ട് ചെയ്തത് 35,871 കേസുകൾ. ഇതിൽ 23,179 ഉം മഹാരാഷ്ട്രയിലാണ്. രാജ്യത്ത് ഏറ്റവുമധികം കേസുകൾ റിപ്പോർട്ട് ചെയ്ത 10 ജില്ലകളിൽ 9 എണ്ണവും മഹാരാഷ്ട്രയിലാണ്. ബെംഗളൂരുവാണ് ആദ്യ 10ൽ ഉൾപ്പെട്ട മഹാരാഷ്ട്രയ്ക്കു പുറത്തുള്ള നഗരം.

കേരളം (2098), പഞ്ചാബ് (2013), കർണാടക (1275), ഗുജറാത്ത് (1122), തമിഴ്നാട് (945) എന്നിവിടങ്ങളിലാണ് ഏറ്റവും കൂടുതൽ കേസുകൾ. ബുധനാഴ്ച മാത്രം 172 മരണം. മഹാരാഷ്ട്ര (84), പഞ്ചാബ് (35), കേരളം (13) എന്നിവിടങ്ങളിലാണ് ഏറ്റവും കൂടുതൽ.രാജ്യത്താകെ വാക്സീനെടുത്തവരുടെ എണ്ണം 3.89 കോടി കവിഞ്ഞു. ഇന്നലെ മാത്രം വാക്സീനെടുത്തത് 17.83 ലക്ഷം പേർ.

ഇതിനിടെ, യുകെ, ബ്രസീൽ, ദക്ഷിണാഫ്രിക്ക എന്നിവിടങ്ങളിൽ കണ്ടെത്തിയ വൈറസ് വകഭേദം വഴി ഇന്ത്യയിൽ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 400 ആയി. ഇതിൽ 158 കേസുകൾ കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെയാണ്. ഇന്ത്യയിൽ പെട്ടെന്നുണ്ടായ രണ്ടാം വ്യാപനം വൈറസ് വകഭേദം മൂലമല്ലെന്ന നിലപാടാണ് ആരോഗ്യമന്ത്രാലയത്തിന്. ജാഗ്രതാ നടപടികളിലെ വീഴ്ചയാണ് പ്രശ്നമെന്ന് ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷൺ കഴിഞ്ഞദിവസം പറഞ്ഞിരുന്നു.

മുംബൈയിൽ  വീണ്ടും രാത്രി  കർഫ്യൂ വരുന്നു

മുംബൈ, ബെംഗളൂരു, ചെന്നൈ ∙ മഹാരാഷ്ട്രയിൽ ഇന്നലെ 25,833 പേർക്കു കോവിഡ്; 58 പേർ കൂടി മരിച്ചതോടെ ആകെ മരണം 53,138 ആയി. മുംബൈയിൽ മൈക്രോ കണ്ടെയ്ൻമെന്റ് സോണുകൾ ആരംഭിക്കാൻ കോർപറേഷൻ നിർദേശം നൽകി. ഫ്ലാറ്റുകൾ ഉൾപ്പെടെ കോവിഡ് വ്യാപിക്കുന്ന ചെറുമേഖലകൾ മൊത്തമായി അടച്ചിടുന്ന രീതിയാണിത്. രാത്രി കർഫ്യൂവും ഉടൻ ഏർപ്പെടുത്തും. 

കർണാടകയിൽ 1488 പേരാണ് ഇന്നലെ പോസിറ്റീവ്; 8 പേർ കൂടി മരിച്ചു. ഉഡുപ്പി മണിപ്പാൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ 56 വിദ്യാർഥികൾക്കു കോവിഡ് ബാധിച്ചതിനാൽകണ്ടെയ്ൻമെന്റ് സോൺ ആയി പ്രഖ്യാപിച്ചു. മാസ്ക് ധരിക്കാത്തവർക്ക് ഇനി മുതൽ ടിക്കറ്റ് നൽകില്ലെന്നു ബെംഗളൂരു നഗരസഭാ ട്രാൻസ്പോർട് കോർപറേഷൻ അറിയിച്ചു. തമിഴ്നാട്ടിൽ 989 പേർക്കു കൂടി കോവിഡ്; 9 പേരാണ് ഇന്നലെ മരിച്ചത്.

വാക്സീൻ:  ഹൈക്കോടതികളിലെ കേസുകൾക്കു സ്റ്റേ

ന്യൂഡൽഹി ∙ കോവിഡ് വാക്സീൻ കുത്തിവയ്പുമായി ബന്ധപ്പെട്ടു ഡൽഹി, മുംബൈ ഹൈക്കോടതികളിലെ കേസുകൾ സുപ്രീം കോടതി സ്റ്റേ ചെയ്തു. കേസുകൾ സുപ്രീം കോടതിയിലേക്കു മാറ്റി ഒന്നിച്ചു പരിഗണിക്കണമെന്ന വാക്സീൻ കമ്പനികളുടെ ആവശ്യത്തിൽ കേന്ദ്ര സർക്കാരിനു ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്‍ഡെ അധ്യക്ഷനായ ബെ‍ഞ്ച് നോട്ടിസ് അയച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com