ADVERTISEMENT

സ്ഥാനാർഥികളെ ഇഷ്ടപ്പെട്ടില്ല; ബംഗാളിൽ ബിജെപി പ്രവർത്തകർ പരസ്യ പ്രതിഷേധവുമായി തെരുവിൽ. 13 മണ്ഡലങ്ങളിലെ സ്ഥാനാർഥിനിർണയത്തിനെതിരെ കൊൽക്കത്ത ഹേസ്റ്റിങ്സിലെ പാർട്ടി ഓഫിസിലേക്കു പ്രവർത്തകർ പ്രകടനം നടത്തി.

മറ്റു ചിലയിടങ്ങളിൽ പൊലീസ് ലാത്തിച്ചാർജ് വേണ്ടിവന്നു. പാർട്ടി ഓഫിസുകൾക്കു നേരെയും പ്രവർത്തകരുടെ രോഷപ്രകടനമുണ്ടായി.

പ്രചാരണം കഴിഞ്ഞു മടങ്ങാനിരുന്ന കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ കൊൽ‍ക്കത്തയിൽ തങ്ങി സംസ്ഥാന നേതാക്കളെ വിളിച്ചുവരുത്തി ‘കുടഞ്ഞു.’ പിന്നാലെ, സംസ്ഥാന പ്രസിഡന്റ് ദിലീപ് ഘോഷിനെയും ബംഗാളിന്റെ ചുമതലയുള്ള ദേശീയ ജനറൽ സെക്രട്ടറി കൈലാഷ് വിജയ്‌വർഗിയയെയും ഡൽഹിയിലേക്കു വിളിപ്പിച്ചും ഷാ ചർച്ച നടത്തി.

ഷായുടെയും പാർട്ടി പ്രസിഡന്റ് ജെ.പി. നഡ്ഡയുടെയും പ്രചാരണ റാലികളിൽ ആളുകൾ കുറഞ്ഞതും കേന്ദ്രത്തെ ചൊടിപ്പിച്ചിട്ടുണ്ട്. ഭരണം ഉറപ്പെന്നും 200 സീറ്റെങ്കിലും നേടുമെന്നുമാണു സംസ്ഥാന നേതൃത്വം ധരിപ്പിച്ചതെങ്കിലും കാര്യങ്ങൾ അത്ര മെച്ചമല്ലെന്നു ബോധ്യപ്പെട്ടതോടെയാണ് അമിത് ഷാ പിടിമുറുക്കിയത്.

സംസ്ഥാന നേതൃത്വം നിർദേശിച്ച ചില സ്ഥാനാർഥികളെയാണു പ്രവർത്തകർക്കു പിടിക്കാത്തത്. കേന്ദ്ര നേതൃത്വം സർവേയിലൂടെ നിശ്ചയിച്ച സ്ഥാനാർഥികളെപ്പറ്റി കാര്യമായ പരാതിയില്ല. സിംഗൂരിൽ തൃണമൂൽ കോൺഗ്രസ് വിട്ടെത്തിയ സിറ്റിങ് എംഎൽഎ രബീന്ദ്രനാഥ് ഭട്ടാചാര്യയെ സ്ഥാനാർഥിയാക്കിയതിലാണു വലിയ പ്രതിഷേധം. 

∙ മത്സരിക്കില്ല; എന്നാലും മുഖ്യമന്ത്രിസ്ഥാനാർഥി

തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നില്ലെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് ദിലീപ് ഘോഷ്. എങ്കിലും മുഖ്യമന്ത്രിസ്ഥാനാർഥിയായി പാർട്ടി പരിഗണിക്കുന്നത് ലോക്സഭാംഗമായ ദിലീപിനെത്തന്നെ എന്നാണു സൂചന. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ ഉൾപ്പെടെ സംസ്ഥാനത്തു പാർട്ടിക്കു കരുത്തു നൽകി എന്നതാണ് ദിലീപിന്റെ മേന്മയായി കേന്ദ്ര നേതൃത്വം കാണുന്നത്.

അതേസമയം, ദേശീയ വൈസ് പ്രസിഡന്റും മുൻ കേന്ദ്രമന്ത്രിയുമായ മുകുൾ റോയ് സ്ഥാനാർഥിപ്പട്ടികയിലുണ്ട്. തൃണമൂൽ വിട്ടെത്തിയ മുകുൾ റോയിയെ സ്വീകരിച്ചതിൽ എതിർപ്പുള്ള ഒട്ടേറെ ബിജെപി നേതാക്കളുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com