ADVERTISEMENT

ന്യൂഡൽഹി ∙ സുപ്രീം കോടതിയിലേക്കു പരിഗണിക്കപ്പെടുന്ന, കർണാടക ഹൈക്കോടതി ജഡ്ജി ബി.വി. നാഗരത്നയുടെ കാര്യത്തിൽ കൊളീജിയം അടുത്തയാഴ്ച തീരുമാനമെടുത്താൽ അത് ചരിത്രമായേക്കും. നിയമനം ലഭിച്ചാൽ ഇന്ത്യയുടെ ആദ്യ വനിതാ ചീഫ് ജസ്റ്റിസെന്ന നേട്ടം 2027ൽ നാഗരത്ന കൈവരിച്ചേക്കും. 

ജസ്റ്റിസുമാരായ എൻ.വി. രമണ, റോഹിന്റൻ നരിമാൻ, യു.യു. ലളിത്, എ.എം. ഖാൻവിൽക്കർ എന്നിവരടങ്ങുന്ന കൊളീജിയമാണ് പേരുകൾ പരിഗണിക്കുന്നത്. ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്ഡെ വിരമിച്ചാൽ സീനിയോറിറ്റി പ്രകാരം എൻ.വി. രമണ, യു.യു. ലളിത്, ഡി.വൈ. ചന്ദ്രചൂഡ് എന്നിവർക്കാകും സീനിയോറിറ്റി.  അതിനു ശേഷം 2027 ൽ നാഗരത്നയും സീനിയോറിറ്റിയിൽ മുന്നിലെത്തും.  

nagaratna
കർണാടക ഹൈക്കോടതി ജഡ്ജി ബി.വി. നാഗരത്ന

അതോടെ മുൻ ചീഫ് ജസ്റ്റിസിന്റെ മകളും അതേ പദവിയിലെന്ന ഖ്യാതിയും അവരെ തേടിയെത്തും. നാഗരത്നയുടെ പിതാവ് ഇ.എസ്. വെങ്കട്ടരാമയ്യ 1989 ൽ ഇന്ത്യയുടെ ചീഫ് ജസ്റ്റിസായിരുന്നു. ചീഫ് ജസ്റ്റിസ് പദവിയിൽ എത്താനിടയുള്ള ഡി.വൈ. ചന്ദ്രചൂഡിന്റെ പിതാവ് വൈ.വി. ചന്ദ്രചൂഡും നേരത്തെ ചീഫ് ജസ്റ്റിസായിരുന്നു.

പേരുകളിൽ തിളങ്ങി നാഗരത്ന

അഞ്ച് ഒഴിവുകളിലേക്ക് 3 ഹൈക്കോടതി ചീഫ് ജസ്റ്റിസുമാരുടെയും 2 വനിത ജഡ്ജിമാരുടെയും പേരാണ് ബോബ്ഡെ മുന്നോട്ടുവച്ചത്. കഴിഞ്ഞ ദിവസം കൊളീജിയം ചേർന്നെങ്കിലും ഇതിൽ ധാരണയിലെത്താൻ കഴിഞ്ഞിരുന്നില്ല. 

സീനിയോറിറ്റി പ്രകാരം മറ്റ് ജഡ്ജിമാർ ഹൈക്കോടതികളിലുണ്ടെങ്കിലും നാഗരത്നയുടെ പേരു കൊളീജിയത്തിനു മുന്നിലെത്തിയതാണു ചർച്ചകളുടെ അടിസ്ഥാനം. 

ചീഫ് ജസ്റ്റിസ് പദവിയിൽ 14 മാസമായ ബോബ്ഡെ, വിരമിക്കാൻ ഒരു മാസം ശേഷിക്കെയാണ് പേരുകൾ ശുപാർശ ചെയ്യാനുള്ള വഴി തേടുന്നത്. 2015 ൽ ചീഫ് ജസ്റ്റിസായിരുന്ന എച്ച്.എൽ. ദത്തു പുതിയ നിയമന ശുപാർശകൾ നൽകാതെയാണ് വിരമിച്ചത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com