ഇൻഷുറൻസ് ബിൽ 23ന് ലോക്സഭയിൽ
Mail This Article
ന്യൂഡൽഹി ∙ ഇൻഷുറൻസ് മേഖലയിൽ വിദേശത്തുനിന്നു നേരിട്ടുള്ള മുതൽമുടക്ക് (എഫ്ഡിഐ) 74% വരെ അനുവദിക്കാനുള്ള നിയമ ഭേദഗതി ലോക്സഭ 23നു പരിഗണിച്ചേക്കും. ബിൽ കഴിഞ്ഞ ദിവസം രാജ്യസഭ പാസാക്കിയിരുന്നു. സിലക്ട് കമ്മിറ്റിക്കു വിടണമെന്ന പ്രതിപക്ഷ ആവശ്യം സർക്കാർ അംഗീകരിച്ചില്ല.
അനുവദനീയ എഫ്ഡിഐ പരിധി 49 ശതമാനത്തിൽനിന്ന് 74 ശതമാനമാക്കുന്നതിനു പുറമേ, ഇൻഷുറൻസ് കമ്പനികളുടെ ഉടമസ്ഥതയും നിയന്ത്രണവും സംബന്ധിച്ച് കർശന വ്യവസ്ഥകൾ ഒഴിവാക്കാനുമുള്ളതാണ് ബിൽ.
വാജ്പേയി സർക്കാരിന്റെ കാലത്താണ് ഇൻഷുറൻസ് മേഖലയിൽ എഫ്ഡിഐ പരിധി 26% ആക്കിയത്. 2015ൽ, പരിധി 49 ശതമാനമാക്കി. കമ്പനികൾ തമ്മിലുള്ള മത്സരം വർധിക്കുന്നത് പോളിസി ഉടമകൾക്ക് ഗുണകരമെന്നു വിലയിരുത്തലുണ്ട്. എന്നാൽ, വിദേശത്തുനിന്നു നിക്ഷേപം കൊണ്ടുവരുന്നവർ പോളിസി ഉടമകളുടെ പണം വിദേശത്തേക്കു കൊണ്ടുപോകുന്ന സ്ഥിതിയുണ്ടാകുമെന്നതാണ് പ്രതിപക്ഷം ഉന്നയിക്കുന്ന ആശങ്ക; സംവരണ നയം അട്ടിമറിക്കപ്പെടുമെന്നും.
ഇന്ത്യയിൽ ലഭിക്കുന്ന പണം വിദേശത്തു നിക്ഷേപിക്കാൻ അനുവദിക്കില്ലെന്നാണ് ധനമന്ത്രിയുടെ മറുപടി. ലാഭത്തിന്റെ നിശ്ചിത ശതമാനം ഇന്ത്യയിൽ തന്നെ കരുതൽധനമായി സൂക്ഷിക്കാൻ വ്യവസ്ഥ ചെയ്യുമെന്നും സംവരണ നയം പാലിക്കപ്പെടുന്നുവെന്ന് ഉറപ്പാക്കുമെന്നും ധനമന്ത്രി കഴിഞ്ഞ ദിവസം രാജ്യസഭയിൽ പറഞ്ഞു.
ഇൻഷുറൻസ് ബിൽ: സഭയ്ക്ക് പുറത്തും പ്രതിപക്ഷ ബഹളം
ന്യൂഡൽഹി ∙ ഇൻഷുറൻസ് നിയമഭേദഗതി ബിൽ സൂക്ഷ്മ പരിശോധനയ്ക്കായി പാർലമെന്ററി സ്ഥിരം സമിതിക്കു വിടണമെന്ന് ആവശ്യപ്പെട്ടു പ്രതിപക്ഷ പ്രതിഷേധം. രാജ്യസഭയ്ക്കുള്ളിൽ പ്രതിപക്ഷ ബഹളം വകവയ്ക്കാതെ ബിൽ പാസാക്കിയതിനു പിന്നാലെയാണ് കോൺഗ്രസിന്റെ നേതൃത്വത്തിൽ പ്രതിപക്ഷ പാർട്ടികൾ പ്രതിഷേധം സഭയ്ക്കു പുറത്തേക്കു വ്യാപിപ്പിച്ചത്.
ബില്ലിൽ പാളിച്ചകൾ ഏറെയുണ്ടെന്നും വിദേശ ശക്തികൾ നിയന്ത്രണം ഏറ്റെടുക്കുന്ന സ്ഥിതിയിലേക്കാണ് കാര്യങ്ങളെന്നും രാജ്യസഭയിലെ കോൺഗ്രസ് കക്ഷി നേതാവ് മല്ലികാർജുൻ ഖർഗെ പറഞ്ഞു.
Content Highlights: FDI in insurance sector