ADVERTISEMENT

ബിജെപി സ്ഥാനാർഥി പൊൻ രാധാകൃഷ്ണനെ കാത്ത് മണ്ഡയ്ക്കാട് ഭഗവതി ക്ഷേത്രത്തിനു മുന്നിൽ നിൽക്കുന്നവർക്കാർക്കും മാസ്ക് ഇല്ല. സ്ഥലത്തെ എംപി കോവിഡ് പിടിപെട്ടു മരിച്ചിട്ടും അതൊന്നും കേട്ടിട്ടില്ലാത്ത പോലെയാണിവിടെ. അപൂർവം ചിലർ വഴിപാട് പോലെ താടിക്കു താഴെയായി മാസ്ക് അണിഞ്ഞിരിക്കുന്നു.

എന്തേ മാസ്ക് ഇല്ല എന്നു ചോദിച്ചപ്പോൾ തമിഴ്മാനില കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ചാൾസ് പറഞ്ഞു: കേരളാവിൽ നീങ്കൾ റൊമ്പ എജ്യുക്കേറ്റഡ്. ഇങ്കെ എല്ലാമേ അറകൊറെ... അഴകൊഴമ്പൻ എന്നർഥം.

കന്യാകുമാരി ലോക്സഭാ മണ്ഡലത്തിൽ നടക്കുന്ന ഉപതിരഞ്ഞെടുപ്പ് പ്രചാരണം പക്ഷേ, അഴകൊഴമ്പനല്ല. ജയിച്ചാൽ കേന്ദ്രമന്ത്രിയാകും പൊൻരാധാകൃഷ്ണൻ. 8 തവണ ഈ മണ്ഡലത്തിൽ മത്സരിച്ച് 2 തവണ മാത്രമേ ജയിച്ചിട്ടുള്ളു. ആ 2 തവണയും വാജ്പേയി, മോദി മന്ത്രിസഭകളിലായി സഹമന്ത്രിയായി ധനം, ഷിപ്പിങ്, ഹൈവേ വകുപ്പുകൾ കയ്യാളി. 2019 ൽ രണ്ടരലക്ഷം ഭൂരിപക്ഷത്തിനു മന്ത്രിയെ തോൽപിച്ച് എംപിയായ കോൺഗ്രസിലെ വസന്തകുമാർ കോവിഡ് വന്നു മരിച്ചതോടെയാണ് ഉപതിരഞ്ഞെടുപ്പ് വേണ്ടി വന്നത്. ജയിച്ചാൽ തമിഴ്നാട്ടിലെ ഏക ബിജെപി എംപിയാകും പൊൻരാധാകൃഷ്ണൻ. ഉടൻ മന്ത്രിയാക്കുമെന്ന് അമിത് ഷാ ഇവിടെ വന്നു പ്രഖ്യാപിച്ചു പോവുകയും ചെയ്തു.

vijayvasanth
വിജയ് വസന്ത്

അതോടെ അണ്ണാഡിഎംകെയും ബിജെപിയും ഉൾപ്പെടുന്ന ‘ദേശീയ ജനനായക കൂട്ടണി’യുടെ പ്രചാരണം ഇങ്ങനെയായി: ജയിച്ചാൽ മന്ത്രിയെക്കിട്ടും, തോറ്റാലോ വെറുമൊരു എംപി മാത്രം. ഏതു വേണമെന്നു തീരുമാനിക്കുക.

ക്ഷേത്രത്തിൽ സ്ഥാനാർഥിക്കു വേണ്ടി നടത്തിയ പ്രത്യേക ദീപാരാധന കഴിഞ്ഞു പ്രസാദവുമായി പുറത്തിറങ്ങിയ പൊൻരാധാകൃഷ്ണന്റെ തലയ്ക്കു പിന്നിലെ കഷണ്ടിയിലും കുങ്കുമം. കൈകളിൽ ജപിച്ചു കെട്ടിയ ചരടുകൾ അരഡസനോളം. കണ്ടിപ്പാ വെട്രി (നിശ്ചയമായും വിജയം) എന്നു നേതാക്കൾ അവകാശപ്പെടുമ്പോഴും രക്ഷപ്പെട്ടാൽ ഭാഗ്യം എന്നതു വ്യക്തം. 

എതിരാളി കോൺഗ്രസിലെ വിജയ് വസന്ത് മരിച്ചു പോയ വസന്തകുമാറിന്റെ മകനാണ്. തമിഴ്നാട്ടിൽ 2000 കോടിയുടെ വിറ്റുവരവുള്ള വസന്ത് ആൻഡ് കോ എന്ന ഗൃഹോപകരണ ബിസിനസ് സാമ്രാജ്യത്തിന്റെ അനന്തരാവകാശി. വസന്തകുമാർ രേഖപ്പെടുത്തിയ സ്വകാര്യസ്വത്ത് 432 കോടിയാണ്. കോടീശ്വരപുത്രൻ തമിഴ് സിനിമാ താരം കൂടിയാണ്. ചെന്നൈ, നാടോടികൾ തുടങ്ങിയ പടങ്ങളിൽ വേഷമിട്ടു. അച്ഛനെപ്പോലെ മകനും വെള്ള പാന്റ്സ്,വെള്ളഷർട്ട്, വെള്ളച്ചെരിപ്പ് ലൈനിലാണ്. എംപിയായാൽ സിനിമാഭിനയം നിർത്തുമെന്ന് വിജയ് അറിയിച്ചു. 

കോവിഡ് കാലത്ത് വസന്തകുമാർ മണ്ഡലത്തിൽ ഓടിനടന്ന് സാധുക്കൾക്കു സഹായം നൽകിയിരുന്നു. അദ്ദേഹത്തിനു കോവിഡ് പിടിപെട്ടതും അങ്ങനെയാണ്. സഹതാപതരംഗം വീശുമെന്ന് കോൺഗ്രസ് ക്യാംപ് പ്രതീക്ഷിക്കുന്നു. പണം വാരിയെറിയാൻ രണ്ടു സ്ഥാനാർഥികൾക്കും പഞ്ഞമില്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com