സൈനിക ശക്തിയിൽ ഇന്ത്യ നാലാമത്: ചൈന, യുഎസ്, റഷ്യ ആദ്യ 3 സ്ഥാനങ്ങളിൽ
Mail This Article
ന്യൂഡൽഹി ∙ സൈനിക ശക്തിയിൽ ലോകത്ത് ഇന്ത്യ നാലാം സ്ഥാനത്ത്. ഒന്നാം സ്ഥാനത്ത് ചൈന. രണ്ടും മൂന്നും സ്ഥാനങ്ങളിൽ യഥാക്രമം യുഎസും റഷ്യയും. പ്രതിരോധ വെബ്സൈറ്റായ മിലിറ്ററി ഡയറക്ട് നടത്തിയ പഠനത്തിലാണ് ഈ വിവരങ്ങൾ.
സൈനിക ബജറ്റ്, ഉദ്യോഗസ്ഥരുടെ എണ്ണവും ശമ്പളവും, ആയുധങ്ങൾ, ആണവശേഷി തുടങ്ങിയ വിവിധ ഘടകങ്ങൾ അടിസ്ഥാനമാക്കി നടത്തിയ പഠനത്തിൽ 100 ൽ 82 പോയിന്റ് ചൈന നേടിയപ്പോൾ യുഎസ് 74 പോയിന്റും റഷ്യ 69 പോയിന്റും നേടി. ഇന്ത്യയ്ക്ക് 61 പോയിന്റും ഫ്രാൻസിനു 58 പോയിന്റും ലഭിച്ചു. 43 പോയിന്റുമായി യുകെ 9–ാം സ്ഥാനത്തുണ്ട്.
സൈനിക ശേഷിയുടെ അടിസ്ഥാനത്തിൽ കടലിലെ ആധിപത്യം ചൈനയ്ക്കാണെന്നു പഠനം പറയുന്നു. ആകാശത്ത് യുഎസിനും കരയിൽ റഷ്യക്കുമാണു നേട്ടം. 406 യുദ്ധക്കപ്പലുകളാണു ചൈനയുടെ നാവിക കരുത്തിനു കാരണം. റഷ്യക്ക് 278 ഉം യുഎസിനും ഇന്ത്യയ്ക്കും 202 കപ്പലുകളുമാണുള്ളത്.
യുഎസിന് 14,141 യുദ്ധവിമാനങ്ങളുള്ളപ്പോൾ റഷ്യക്കു 4,682. ചൈനയ്ക്ക് 3,587. കരയിലെ വാഹനങ്ങൾ കൂടുതൽ റഷ്യക്കാണ്–54,866. യുഎസ് 50,326, ചൈന 41,641.
സൈനികച്ചെലവു കണക്കാക്കുമ്പോൾ ഏറ്റവും കൂടുതൽ ചെലവഴിക്കുന്നത് യുഎസ് ആണ്– പ്രതിവർഷം 73,200 കോടി ഡോളർ. രണ്ടാമത് ചൈന–26,100 കോടി ഡോളർ . ഇന്ത്യയുടേത് 7100 കോടി ഡോളർ.
Content Highlights: India has world's fourth strongest armed forces