ADVERTISEMENT

മുംബൈ ∙ കോവിഡ് വ്യാപനം രൂക്ഷമായ മഹാരാഷ്ട്രയിൽ 30,535 പേർ കൂടി പോസിറ്റീവ്. ഒരു സംസ്ഥാനത്ത് ഇത്രയേറെ പ്രതിദിന കേസുകൾ ഇതാദ്യമാണ്. കഴിഞ്ഞ വർഷം മുംബൈ മേഖലയിലായിരുന്നു സംസ്ഥാനത്തെ ഭൂരിഭാഗം കോവിഡ് കേസുകളെങ്കിൽ ഇപ്പോൾ 36 ജില്ലകളിലും പോസിറ്റീവ് ആകുന്നവരുടെ എണ്ണം കൂടുകയാണ്.  മുംബൈയിൽ 3775 പേർക്കാണ് ഇന്നലെ കോവിഡ് സ്ഥിരീകരിച്ചത്. 

സംസ്ഥാനത്തെ ആകെ പോസിറ്റീവ് കേസുകൾ 24.79 ലക്ഷം പിന്നിട്ടു. ഇന്നലെ മാത്രം 99 പേർ മരിച്ചതോടെ ആകെ മരണം 53,399. എല്ലാ ആശുപത്രികളിലും 80 ശതമാനം കിടക്കകൾ കോവിഡ് ബാധിതർക്കായി മാറ്റിവയ്ക്കുന്നതു മേയ് 31 വരെ തുടരണമെന്ന് ആരോഗ്യമന്ത്രി നിർദേശം നൽകി.

കർണാടകയിൽ കോവിഡ് രണ്ടാം തരംഗം; 3 മാസം നിർണായകം 

ബെംഗളൂരു ∙ കർണാടകയിൽ കോവിഡ് രണ്ടാം തരംഗത്തിനു തുടക്കമായെന്ന് ആരോഗ്യ മന്ത്രി ഡോ.കെ സുധാകർ. അടുത്ത 3 മാസം നിർണായകമാണ്. വ്യാപനം തടയാൻ ജനങ്ങൾ സഹകരിക്കണമെന്നും അദ്ദേഹം അഭ്യർഥിച്ചു. എന്നാൽ വൻതോതിലുള്ള നിയന്ത്രണങ്ങളോ ലോക്ഡൗണോ ഉടൻ ഉണ്ടാകില്ലെന്നാണു സൂചന. 

ബെംഗളൂരുവിൽ 20 ദിവസത്തിനിടെ പ്രതിദിനം കോവിഡ് ബാധിക്കുന്നവരുടെ എണ്ണം അഞ്ചിരട്ടിയായാണു വർധിച്ചത്. കഴിഞ്ഞ 1ന് 210 പേരാണ് പോസിറ്റീവായതെങ്കിൽ 20ന് 1186 ആയി ഉയർന്നു. മരണനിരക്ക് കൂടുന്നില്ലെങ്കിലും പോസിറ്റീവ് ആകുന്നവരുടെ എണ്ണം ഉയരുന്നതാണു രണ്ടാം തരംഗത്തിന്റെ സൂചനയായി വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. സമ്പർക്കം കണ്ടെത്താനാകാത്തതു സ്ഥിതി സങ്കീർണമാക്കിയെന്നും വിലയിരുത്തലുണ്ട്.

രേഖ വ്യാജം: 3 പേരെ തിരിച്ചയച്ചു

ബെംഗളൂരു ∙ കോവിഡ് നെഗറ്റീവ് വ്യാജ ആർടിപിസിആർ റിപ്പോർട്ടുമായി ഒട്ടേറെ പേർ ബാവലി ചെക്പോസ്റ്റ് വഴി കർണാടകയിലേക്കു കടക്കുന്നതായി സൂചന ലഭിച്ചതിനെ തുടർന്ന് പരിശോധന കർശനമാക്കി. ശനിയാഴ്ച നടത്തിയ പരിശോധനയിൽ ഇത്തരം സർട്ടിഫിക്കറ്റുകളുമായി എത്തിയ 3 പേരെ തടഞ്ഞു തിരിച്ചയച്ചു. ഇതിനെ തുടർന്ന് ആർടിപിസിആർ സർട്ടിഫിക്കറ്റ് ഇല്ലാതെ വരുന്നവരുടെ സ്രവപരിശോധനയ്ക്കായി ചെക്പോസ്റ്റിൽ പരിശോധനാ കേന്ദ്രം സജ്ജമാക്കിയിട്ടുണ്ട്. കർണാടക അതിർത്തിയിലെ മൂലെഹോളെ, കുട്ട, അത്തിബെല്ലെ ചെക്പോസ്റ്റുകളിലും പരിശോധന കർശനമാക്കിയിട്ടുണ്ട്.

Content Highlights: Maharashtra, Karnataka covid surge

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com