ADVERTISEMENT

ഹാവേരി (കർണാടക) ∙ ചില്ലറക്കാശിന്റെ പലഹാരത്തിന് 10 വയസ്സുകാരൻ ഹരീഷയ്യയ്ക്കു ബലി നൽകേണ്ടിവന്നത് സ്വന്തം ജീവൻ. പലഹാരം മോഷ്ടിച്ചെന്ന് ആരോപിച്ച് കടയുടമ ക്രൂരമായി മർദിക്കുകയും മണിക്കൂറുകളോളം മുതുകിൽ കല്ല് കെട്ടിവയ്ക്കുകയും ചെയ്ത കുട്ടി ആശുപത്രിയിൽ മരിച്ചു. ഒരാഴ്ചയോളം ചികിത്സയിലായിരുന്നു. ആശുപത്രിയിലെ ദൃശ്യങ്ങൾ പ്രചരിച്ചതോടെയാണു ക്രൂരത പുറത്തറിഞ്ഞത്. നേരത്തേ പരാതി നൽകിയിട്ടും മരണ ശേഷമാണു പൊലീസ് കേസെടുത്തത് എന്ന് ആരോപണമുണ്ട്. കടയുടമ ശിവരുദ്രപ്പയും കുടുംബാംഗങ്ങളും ചേർന്ന് കുട്ടിയുടെ അമ്മയെയും തല്ലിച്ചതച്ചിരുന്നു. വടക്കൻ കർണാടകയിലെ ഹാവേരി ജില്ലയിൽ 16നാണു സംഭവം. 

പച്ചക്കറി വാങ്ങാനെത്തിയ ഹരീഷയ്യ പലഹാരം മോഷ്ടിച്ചെന്നു പറഞ്ഞ് തലങ്ങും വിലങ്ങും തല്ലുകയായിരുന്നു. പിന്നീട്, സമീപത്തു വീടു നിർമാണത്തിനെടുത്ത കുഴിയിൽ ഇറക്കി ഇരുത്തി മുതുകിൽ ഭാരമുള്ള പാറക്കല്ല് കെട്ടിവച്ചു. 

മകനെ തിരഞ്ഞ് അച്ഛൻ നാഗയ്യ എത്തിയപ്പോൾ ‘അവൻ പാഠം പഠിക്കട്ടെ’ എന്നു പറഞ്ഞു തിരിച്ചയച്ചത്രേ. പിന്നാലെയെത്തിയ അമ്മ ജയശ്രീ ബഹളം വച്ചപ്പോൾ അവരെ മർദിച്ച് അവശയാക്കി. പിന്നീടാണു കുട്ടിയെ വിട്ടുകൊടുത്തത്. 

തീരെ അവശനായ കുട്ടിയെ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും നില വഷളായതിനെ തുടർന്ന് സ്വകാര്യ ആശുപത്രിയിലേക്കു മാറ്റുകയായിരുന്നു. 

പിറ്റേന്നു തന്നെ പൊലീസിനെ സമീപിച്ചെങ്കിലും മകൻ മരിച്ച ശേഷമാണു കേസെടുത്തതെന്നു നാഗയ്യ കണ്ണീരോടെ പറയുന്നു. സംഭവം അന്വേഷിക്കാൻ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചതായി പൊലീസ് അറിയിച്ചു. ശിവരുദ്രപ്പയും വീട്ടുകാരും ഒളിവിലാണ്.

Content Highlights: Boy killed in Haveri Karnataka

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com