മഹാരാഷ്ട്രയിൽ രണ്ട് ജില്ലകളിൽ ലോക്ഡൗൺ
Mail This Article
മുംബൈ ∙ മഹാരാഷ്ട്രയിൽ 35,952 പേർക്കു കൂടി കോവിഡ്. ഇതുവരെയുള്ള ഏറ്റവുമുയർന്ന പ്രതിദിന പോസിറ്റീവാണിത്. ഇതോടെ ആകെ പോസിറ്റീവ് 26 ലക്ഷം പിന്നിട്ടു. ഇന്നലെ 111 പേർ മരിച്ചതോടെ ആകെ മരണം 53,795.
നിലവിലെ സ്ഥിതി തുടർന്നാൽ ഏപ്രിൽ ആദ്യവാരം ചികിത്സയിലുള്ളവരുടെ എണ്ണം 3 ലക്ഷമായി ഉയരാനാണു സാധ്യത. ഇപ്പോൾ ഭൂരിഭാഗം പേരും വീടുകളിൽ ക്വാറന്റീനിലാണ്.
അതിതീവ്ര വൈറസ് കണ്ടെത്തിയതോടെ മറാഠ്‌വാഡ മേഖലയിലെ നാന്ദേഡ്, ബീഡ് ജില്ലകളിൽ ഇന്നു മുതൽ ഏപ്രിൽ 4 വരെ പൂർണ ലോക്ഡൗൺ പ്രഖ്യാപിച്ചു. നടൻ ആർ. മാധവനു കോവിഡ് സ്ഥിരീകരിച്ചെങ്കിലും കാര്യമായ ആരോഗ്യപ്രശ്നങ്ങളില്ല.
കർണാടകയിൽ 2523 പേർ കൂടി പോസിറ്റീവ്. കോവിഡ് വ്യാപനത്തെ തുടർന്ന് സംസ്ഥാനത്ത് ഉഗാദി, ഹോളി, ദുഃഖവെള്ളി, ബറാത്ത് രാവ് തുടങ്ങിയവയുമായി ബന്ധപ്പെട്ടു പൊതുസ്ഥലങ്ങളിലെ ആഘോഷ, ആചാര ചടങ്ങുകൾക്ക് സർക്കാർ അനുമതി നിഷേധിച്ചു. പാർക്കുകൾ, മാർക്കറ്റുകൾ, ഗ്രൗണ്ടുകൾ, ആരാധനാ കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ ജനം കൂട്ടംകൂടാൻ പാടില്ലെന്ന് ഉത്തരവിൽ പറയുന്നു.
English Summary: Lockdown in two districts of Maharashtra