ADVERTISEMENT

ന്യൂഡൽഹി ∙ ഹൈക്കോടതികളിലെ ജഡ്ജി നിയമനത്തിനു നൽകിയിട്ടുള്ള 55 ശുപാർശകളിൽ കേന്ദ്ര സർക്കാർ എപ്പോൾ തീരുമാനമെടുക്കുമെന്ന് വ്യക്തമാക്കാൻ അറ്റോർണി ജനറലിനോട് (എജി) സുപ്രീം കോടതി നിർദേശിച്ചു. അടുത്ത മാസം 8നു മറുപടി നൽകണമെന്ന് ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്ഡെ, ജസ്റ്റിസുമാരായ സഞ്‍ജയ് കിഷൻ കൗൾ, സൂര്യ കാന്ത് എന്നിവരുടെ ബെഞ്ച് വ്യക്തമാക്കി.

ഒഡീഷ ഹൈക്കോടതിയുടെ പരിഗണനയിലുള്ള ഒരു കേസ് അഭിഭാഷക സമരം കണക്കിലെടുത്ത് സുപ്രീം കോടതിയിലേക്കു മാറ്റണമെന്ന ഹർജി പരിഗണിച്ചപ്പോഴാണ് ജഡ്ജിനിയമനത്തിലെ കാലതാമസത്തെക്കുറിച്ച് കോടതി പരാമർശങ്ങൾ നടത്തിയത്. 

ഹൈക്കോടതികൾ ശുപാർശ ചെയ്തെങ്കിലും സുപ്രീം കോടതി കൊളീജിയത്തിലേക്കു കൈമാറാത്ത 45 പേരുകളുണ്ട്. കൊളീജിയം പാസാക്കിയ 10 പേരുകളുണ്ട്. എപ്പോഴാണ് 45 പേരുകൾ കൊളീജിയത്തിനു നൽകുക? എപ്പോൾ 10 പേരുകൾ നിയമനത്തിനായി വിജ്ഞാപനം ചെയ്യും? – ജസ്റ്റിസ് കൗൾ ചോദിച്ചു. 

ശുപാർശകളുടെ പട്ടിക ജസ്റ്റിസ് കൗൾ തയാറാക്കിയിട്ടുണ്ടെന്നും അത് എജിക്കു നൽകാമെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു. ശുപാർശ ലഭിച്ചുകഴിഞ്ഞാൽ ന്യായമായ സമയത്തിനുള്ളിൽ നടപടിയുണ്ടാകണമെന്ന് ജസ്റ്റിസ് കൗൾ പറഞ്ഞു. 

കൊളീജിയത്തിന്റെ ശുപാർശ ലഭിച്ച് 6 മാസത്തിനകം നിയമനമുണ്ടാകണമെന്ന് ജസ്റ്റിസ് കൗളും ജസ്റ്റിസ് കെ.എം. ജോസഫും ഉൾപ്പെട്ട ബെഞ്ച് 2019 ഡിസംബറിൽ ഉത്തരവിട്ടിരുന്നു. 

സുപ്രീം കോടതി അഭിഭാഷകർക്ക് ഹൈക്കോടതികളിൽ ജഡ്ജിമാരായി നിയമിക്കപ്പെടാൻ തടസ്സമില്ലെന്നും കോടതി പറഞ്ഞു. ഹൈക്കോടതികൾ സുപ്രീം കോടതി അഭിഭാഷകരുടെ പേരുകൾ ശുപാർശ ചെയ്യുന്നില്ലെന്ന് സുപ്രീം കോടതി ബാർ അസോസിയേഷൻ പ്രസിഡന്റ് കൂടിയായ വികാസ് സിങ് പറഞ്ഞു. എന്നാൽ, പല അഭിഭാഷകരുടെയും പേരുകൾ തങ്ങൾ നിർദേശിക്കാറുണ്ടെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു.

English Summary: Supreme Court against delay in decision over judge appointment

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com