ADVERTISEMENT

ന്യൂഡൽഹി ∙ നന്ദിഗ്രാമിൽ സഹായിക്കണമെന്നഭ്യർഥിച്ച് ബിജെപി നേതാവുമായി ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി നടത്തിയ ഫോൺ സംഭാഷണം ബിജെപി പുറത്തുവിട്ടു. നിയമസഭാ തിരഞ്ഞെടുപ്പിൽ നന്ദിഗ്രാമിൽനിന്നാണ് മമത ജനവിധി തേടുന്നത്. തൃണമൂൽ വിട്ട് ബിജെപിയിലെത്തിയ മുൻ വിശ്വസ്തൻ സുവേന്ദു അധികാരിയാണ് എതിരാളി.

തൃണമൂൽ വിട്ട് ബിജെപിയിൽ ചേർന്ന മറ്റൊരു നേതാവിനെ മമത ഫോണിൽ വിളിക്കുന്നതും തിരഞ്ഞെടുപ്പിൽ സഹായം തേടുന്നതുമായ ഫോൺ സംഭാഷണമാണ് ബിജെപി പുറത്തുവിട്ടത്. ഇതേസമയം, പാർട്ടി വിട്ടയാളെ തിരികെ ക്ഷണിക്കുന്നതിൽ ഒരു തെറ്റുമില്ലെന്നാണ് തൃണമൂൽ വാദം. 

മുതിർന്ന ബിജെപി നേതാക്കളായ കൈലാഷ് വിജയവർജിയയും ശിശിർ ബജോരിയയും മാധ്യമങ്ങൾക്കു മുന്നിൽ കേൾപ്പിച്ച ഓഡിയോ ക്ലിപ്പിലാണ് മുൻ തൃണമൂൽ നേതാവായ പ്രോലോയ് പാലുമായി മമത സംസാരിക്കുന്നത്. മമതയുടെ ആവശ്യം നിഷേധിക്കുന്ന പ്രോലോയ്, സിപിഎം വേട്ടയാടിയ സമയത്ത് തന്നെ സഹായിച്ച സുവേന്ദു അധികാരിയുടെ കുടുംബത്തെ ചതിക്കാനാകില്ലെന്നു പറയുന്നു. സുവേന്ദുവിനെ പിന്തുടർന്നാണ് പ്രോലോയ് ബിജെപിയിൽ ചേർന്നത്.

ഇതിനു പിന്നാലെ സംസ്ഥാനത്തെ പോളിങ്ങ് ബൂത്തുകളെ സ്വാധീനിക്കുന്നതിനെ കുറിച്ച് ബിജെപിയുടെ മുകുൾ റോയ് മറ്റൊരു ബിജെപി നേതാവായ ശിശിർ ബജോരിയോട് സംസാരിക്കുന്നതിന്റെ ശബ്ദ സന്ദേശം തൃണമൂലും പുറത്തുവിട്ടു. തിരഞ്ഞെടുപ്പ് കമ്മിഷനുമായി ചർ‍ച്ച ചെയ്യേണ്ട വിഷയങ്ങളുടെ പട്ടിക തയാറാക്കാൻ ആവശ്യപ്പെടുന്ന മുകുൾ റോയ്, പോളിങ്ങ് ബുത്തുകളെക്കുറിച്ചും പോളിങ് ഏജന്റുമാരെക്കുറിച്ചും പറയുന്നുണ്ട്. പോളിങ് ബൂത്തുകളിൽ വോട്ടെടുപ്പ് ദിവസം ഇരിക്കുന്ന പാർട്ടികളുടെ ഏജന്റുമാർ സാധാരണയായി ആ പ്രദേശത്തെ ആളുകൾ തന്നെയായിരിക്കും

മമതാ ബാനർജി, മുകുൾ റോയ്
മമത ബാനർജി, മുകുൾ റോയി

എന്നാൽ ബംഗാളിലെ ഏതു വോട്ടർക്കും സംസ്ഥാനത്തെ ഏതു ബൂത്തിലും ഏജന്റുമാരാകാൻ അനുവാദം നൽകുന്ന ഉത്തരവു പുറപ്പെടുവിക്കാൻ തിരഞ്ഞെടുപ്പ് കമ്മിഷനോട് അഭ്യർഥിക്കണമെന്നും അല്ലെങ്കിൽ പല ബുത്തുകളിലും ബിജെപിക്ക് ഇരിക്കാൻ ഏജന്റുമാർ ഉണ്ടാകില്ലെന്നും മുകുൾ റോയ് പറഞ്ഞതായി തൃണമൂൽ കോൺഗ്രസ് ആരോപിച്ചു. ശനിയാഴ്ച, ആദ്യഘട്ട വോട്ടെടുപ്പ് നടന്ന ബംഗാളിൽ 79.79% പോളിങ് രേഖപ്പെടുത്തി.

English Summary: BJP's Mukul Roy Discussed Influencing Poll Body In Leaked Call: Trinamool

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com