ADVERTISEMENT

ന്യൂഡൽഹി∙ കോവിഡ് വാക്സീൻ സ്വീകരിക്കാൻ രാജ്യത്തെ ജനങ്ങളോട് പ്രധാനമന്ത്രി നരേന്ദ്ര മോദി ആഹ്വാനം ചെയ്തു. ലോകത്തെ ഏറ്റവും വലിയ വാക്സിനേഷൻ യജ്ഞമാണ് ഇന്ത്യയിൽ നടക്കുന്നതെന്നും പ്രധാനമന്ത്രി ‘മൻ കി ബാത്ത്’ പരിപാടിയിൽ പറഞ്ഞു. കോവിഡിനെതിരെ പോരാടാൻ ജാഗ്രതയ്ക്കൊപ്പം മരുന്നും ആവശ്യമാണ്.കോവി‍ഡ് വാക്സിനേഷന് ജനങ്ങൾ സ്വമേധയാ തയാറാവുകയാണ്.

കോവിഡ് വാക്സീൻ സ്വീകരിച്ചവർ സമൂഹ മാധ്യമങ്ങളിൽ നടത്തുന്ന പ്രതികരണത്തെക്കുറിച്ചു പറയവേ കേരളത്തിൽ നിന്നുള്ള ആനന്ദൻ നായർ എന്ന യുവാവിനെയും മോദി പരാമർശിച്ചു. തന്റെ വീട്ടുകാർ വാക്സീൻ സ്വീകരിച്ചത് സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചപ്പോൾ ‘വാക്സീൻ സേവ’ എന്നൊരു പുതിയ വാക്കും ആനന്ദൻ നായർ ഉപയോഗിച്ചുവെന്ന് അദ്ദേഹം പറഞ്ഞു.

സ്വാതന്ത്ര്യത്തിന്റെ 75–ാം വാർഷികാഘോഷങ്ങളിൽ സർവാത്മനാ പങ്കു ചേരണമെന്നും മോദി അഭ്യർഥിച്ചു. കായികതാരങ്ങളായ മിതാലി രാജ്, പി.വി.സിന്ധു എന്നിവരുടെ നേട്ടങ്ങളെയും പ്രധാനമന്ത്രി പ്രകീർത്തിച്ചു. കാർഷികമേഖലയിൽ ആധുനികവൽകരണം കാലഘട്ടത്തിന്റെ ആവശ്യമാണ്. തേനീച്ച വളർത്തലിന്റെ മെച്ചവും പ്രധാനമന്ത്രി എടുത്തു പറഞ്ഞു.മൻ കി ബാത്തിന്റെ 75–ാമത്തെ പതിപ്പായിരുന്നു ഇന്നലത്തേത്.

സെന്റ് തെരേസാസിന് അഭിനന്ദനം

മൂല്യവർധിത ഉൽപന്നങ്ങളുടെ നിർമാണ മേഖലയിൽ രാജ്യത്തിന്റെ കുതിപ്പിനെക്കുറിച്ചു പരാമർശിക്കവെ ‘മൻ കി ബാത്തി’ൽ എറണാകുളം സെന്റ് തെരേസാസ് കോളജിനു പ്രധാനമന്ത്രിയുടെ അഭിനന്ദനം. മാലിന്യത്തെ മൂല്യവത്താക്കാനായുളള ക്രിയാത്മകമായ പ്രവർത്തനമാണു കോളജിലെ വിദ്യാർഥികൾ ചെയ്യുന്നതെന്ന് മോദി പറഞ്ഞു.

‘ഈ കോളജിലെ കുട്ടികൾ പുനരുപയോഗിക്കാവുന്ന കളിപ്പാട്ടങ്ങൾ ഉണ്ടാക്കുന്നു.അങ്കണവാടികളിലെ കുട്ടികൾക്കാണ് ഇവ നൽകുന്നത്. ഇന്ന് ഇന്ത്യ കളിപ്പാട്ടങ്ങളുടെ നിർമാണത്തിൽ വളരെ മുൻപന്തിയിലാണെങ്കിലും മാലിന്യത്തിൽ നിന്നു മൂല്യവർധിത വസ്തുക്കൾ ഉണ്ടാക്കുന്ന ഈ നൂതന പരീക്ഷണം വളരെ പ്രാധാന്യമർഹിക്കുന്നു’ – മോദി പറഞ്ഞു.

6 കോടി ഡോസ് കടന്ന് വാക്സീൻ വിതരണം

ന്യൂഡൽഹി∙ രാജ്യത്ത് കോവിഡ് വാക്സീൻ വിതരണം 6 കോടി ഡോസ് കടന്നു. അതേസമയം രോഗികളുടെ എണ്ണത്തിൽ വർധന തുടരുകയാണ്. 24 മണിക്കൂറിനുള്ളിൽ 62,714 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു.മഹാരാഷ്ട്ര, പഞ്ചാബ്, കർണാടക എന്നിവയടക്കം 7 സംസ്ഥാനങ്ങളിൽ നിന്നാണ് 81% കേസുകളും. മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതൽ. വാക്സീൻ സ്വീകരിച്ചതിൽ കേരളമടക്കം 8 സംസ്ഥാനങ്ങളാണു മുൻപന്തിയിൽ.

രാജ്യത്തു 24 മണിക്കൂറിനുള്ളിൽ 312 മരണമുണ്ടായി. കോവിഡ്മുക്തി നിരക്ക് 94.59%.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com