മഹാരാഷ്ട്രയിൽ ലോക്ഡൗണിന് സാധ്യത
Mail This Article
മുംൈബ, ബെംഗളൂരു, ചെന്നൈ ∙ കോവിഡ് കേസുകൾ കുതിച്ചുയരുന്ന പശ്ചാത്തലത്തിൽ മഹാരാഷ്ട്രയിൽ വീണ്ടും ലോക്ഡൗണിനു സാധ്യത. തയാറെടുപ്പുകളുടെ രൂപരേഖ തയാറാക്കാൻ മുഖ്യമന്ത്രി ഉദ്ധവ് താക്കറെ ഉന്നത ഉദ്യോഗസ്ഥരോടു നിർദേശിച്ചു.
ഭക്ഷ്യോൽപന്ന വിതരണം, മരുന്നുകളുടെ ലഭ്യത, അവശ്യവസ്തുക്കളുടെ വിതരണം, ചികിത്സാ സൗകര്യങ്ങൾ എന്നിവ ഉറപ്പാക്കാൻ വേണ്ട നടപടികൾ സ്വീകരിക്കാനും മുഖ്യമന്ത്രി നിർദേശിച്ചു.
സംസ്ഥാനത്ത് ഇന്നലെ 40,414 പേർക്കു കോവിഡ് സ്ഥിരീകരിച്ചു. 108 പേർ മരിച്ചു. മുംബൈ നഗരത്തിൽ മാത്രം 6293 പേരാണു പോസിറ്റീവായത്.
കോവിഡ് കേസുകൾ കൂടുന്നതു തുടർന്നാൽ കിടക്കകൾ, ഓക്സിജൻ സഹിതമുള്ള ഐസിയുകൾ, വെന്റിലേറ്ററുകൾ എന്നിവയ്ക്കു ക്ഷാമം ഉണ്ടാകുമെന്ന ആശങ്ക ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ മുഖ്യമന്ത്രിയെ അറിയിച്ചു. സംസ്ഥാനത്ത് ശനിയാഴ്ച മുതൽ രാത്രി കർഫ്യൂ ഏർപ്പെടുത്തിയിരിക്കുകയാണ്.
അതിനിടെ, കോവിഡ് വ്യാപിക്കുന്ന കർണാടകയിൽ 3082 പേർ കൂടി പോസിറ്റീവ്. 12 പേർ മരിച്ചു. തമിഴ്നാട്ടിൽ 2,194 പോസിറ്റീവ്. 11 മരണം.