മോദി സർക്കാരിന്റേത് സ്വേഛാധിപത്യ ഭരണം: കർണാടക ബിജെപി മന്ത്രി
Mail This Article
ബെംഗളൂരു ∙ കേന്ദ്രത്തിലെ നരേന്ദ്ര മോദി സർക്കാരിന്റെ ഭരണ രീതിയെ വിമർശിച്ച് ബിജെപി നേതാവും കർണാടക മന്ത്രിയുമായ ജെ.സി.മധുസ്വാമി.
സംസ്ഥാനങ്ങളുടെ അധികാരത്തിൽ കൈകടത്തുന്ന സ്വേച്ഛാധിപത്യ ഭരണരീതി പ്രാദേശികവാദം ഉയരുന്നതിന് ഇടയാക്കുമെന്നായിരുന്നു മൈസുരുവിൽ മന്ത്രി പറഞ്ഞത്. ഇന്ദിരാ ഗാന്ധി സർക്കാരുമായി താരതമ്യം ചെയ്തായിരുന്നു, ബിജെപി എംപി തേജസ്വി സൂര്യയും സാന്നിധ്യത്തിൽ മന്ത്രിയുടെ വിമർശനം.
പ്രഫഷനൽ മെഡിക്കൽ കോഴ്സുകളിലേക്ക് ദേശീയതലത്തിലുള്ള പ്രവേശന പരീക്ഷയായ നീറ്റ് ആവിഷ്കരിച്ചത് കർണാടകയിലെയും തമിഴ്നാട്ടിലെയും വിദ്യാർഥികൾക്കു തിരിച്ചടിയായെന്നും മന്ത്രി അഭിപ്രായപ്പെട്ടു.
യെഡിയൂരപ്പയ്ക്ക് എതിരെ ബിജെപി എംപി
ബെംഗളൂരു ∙ കർണാടക മുഖ്യമന്ത്രി യെഡിയൂരപ്പയെ മാറ്റുമെന്ന സൂചനയുമായി പാർട്ടി എംപി രമേഷ് ജിനജിനഗി. സംസ്ഥാനത്തെ 23% വരുന്ന ദലിത് സമുദായത്തിൽ നിന്നൊരാളെ മുഖ്യമന്ത്രിയാക്കാനുള്ള സമയമായെന്നും പറഞ്ഞു. ഒരു സ്ഥാനത്തോടും ആർത്തിയില്ലെന്നും, പാർട്ടി ആവശ്യപ്പെട്ടാൽ സംസ്ഥാന രാഷ്ട്രീയത്തിലേക്കു മടങ്ങാൻ തയാറാണെന്നും മുൻ കേന്ദ്രമന്ത്രി കൂടിയായ ജിനജിനഗി പറഞ്ഞു.