മധുവിധുവിനെത്തി, ബന്ധു ചതിച്ചു; ലഹരിക്കേസിൽ ജയിലിലായ ദമ്പതികൾക്ക് മോചനം
Mail This Article
ദോഹ∙ ലഹരിമരുന്നു കേസിൽ ശിക്ഷിക്കപ്പെട്ട് ഖത്തർ സെൻട്രൽ ജയിലിൽ കഴിയുന്ന മുംബൈ സ്വദേശികളായ ദമ്പതികളെ വിട്ടയയ്ക്കാൻ അപ്പീൽ കോടതി ഉത്തരവിട്ടു. 2019 ജൂലൈയിൽ മധുവിധു ആഘോഷിക്കാൻ ദോഹയിലെത്തിയ ദമ്പതികളായ മുഹമ്മദ് ഷെറീഖും ഒനിബയുമാണ് ലഹരിമരുന്നു കേസിൽ തടവിൽ കഴിയുന്നത്. ഒനിബയെയും ഭർത്താവിനെയും ബന്ധുവായ തബസ്സും റിയാസ് ഖുറേഷി എന്ന സ്ത്രീ നിർബന്ധിച്ചു ദോഹയിലെത്തിക്കുകയായിരുന്നു. ഒന്നരവർഷത്തിലേറെയായി തുടരുന്ന നിയമപോരാട്ടത്തിനൊടുവിലാണ് ജയിൽമോചനം.
ഹമദ് രാജ്യാന്തര വിമാനത്താവളത്തിൽ ഇറങ്ങവെ ഇവരുടെ ബാഗിൽ നിന്ന് ബന്ധു ഒളിപ്പിച്ച 4 കിലോ ലഹരിമരുന്ന് കണ്ടെത്തി. സാഹചര്യത്തെളിവുകളുടെ അടിസ്ഥാനത്തിൽ കുറ്റക്കാരെന്ന് കണ്ടെത്തിയതിനെ തുടർന്ന് കീഴ്ക്കോടതിയാണ് ഇരുവർക്കും 10 വർഷം വീതം തടവും 3 ലക്ഷം റിയാൽ വീതം പിഴയും വിധിച്ചത്. ദമ്പതികളുടെ കുടുംബങ്ങൾ മുംബൈയിൽ നൽകിയ കേസിൽ നർക്കോട്ടിക്‌സ് കൺട്രോൾ ബ്യൂറോ നടത്തിയ അന്വേഷണ വിവരങ്ങളും കേസിന്റെ രേഖകളും ഹർജിക്കൊപ്പം നൽകിയതാണ് മോചനത്തിലേക്കുള്ള വഴി തുറന്നത്.
2019 ജൂലൈയിലാണ് മുംബൈ സ്വദേശികളായ മുഹമ്മദ് ഷഫീഖ്, ഭാര്യ ഒനീബ ഖുറേഷി എന്നിവര്‍ ലഹരിമരുന്ന് കേസില്‍ ദോഹ വിമാനത്താവളത്തിൽ വച്ച് പിടിയിലായത്. ഇവരുടെ ലഗേജില്‍ നിന്ന് 4.1 കിലോഗ്രാം ഹാഷിഷ് പൊലീസ് കണ്ടെത്തിയിരുന്നു. ഖത്തറിലെ സുഹൃത്തിന് കൈമാറാൻ ബന്ധുവായ സ്ത്രീ ഏൽപ്പിച്ച പൊതി ലഹരിമരുന്നാണെന്ന് തിരിച്ചറിയാതെയായിരുന്നു ഇരുവരും ദോഹയിലെത്തിയത്. മധുവിധു ആഘോഷിക്കാനെത്തിയതാണെന്നും ചതിക്കപ്പെടുകയായിരുന്നുവെന്നും ഇരുവരും കോടതിയെ അറിയിച്ചു.
വിചാരണയ്ക്കൊടുവിൽ കീഴ്കോടതി ഇരുവർക്കും 10 വർഷത്തെ തടവുശിക്ഷ വിധിച്ചു. ഖത്തർ സെന്‍ട്രല്‍ ജയിലില്‍ കഴിയവെ ഒനിബ പെണ്‍കുഞ്ഞിന് ജന്മം നൽകുകയും ചെയ്തു. നിരപരാധികളെന്ന് വ്യക്തമാക്കി ദമ്പതികള്‍ നല്‍കിയ ഹര്‍ജി പരിഗണിച്ച സുപ്രീംകോടതി, കേസ് വീണ്ടും പരിഗണിക്കാൻ അപ്പീൽ കോടതിക്ക് നിർദേശം നൽകി. തുടർന്നാണ് അപ്പീൽകോടതി ഇരുവരേയും മോചിതരാക്കാൻ ഉത്തരവിട്ടത്.
പൊതി കൈമാറിയ പിതൃസഹോദരി തബസ്സം, ലഹരിമരുന്നു കടത്ത് റാക്കറ്റിലെ കണ്ണിയാണെന്ന് മുംബൈ പൊലീസ് കണ്ടെത്തിയതും കേസിൽ വഴിത്തിരിവായി. ഖത്തറിലെ ഇന്ത്യൻ എംബസിയും ദമ്പതികളുടെ നിരപരാധിത്വം തെളിയിക്കാൻ ഇടപെടൽ നടത്തി. ലഹരിക്കടത്തിൽ ദമ്പതികൾ ചതിക്കപ്പെടുകയായിരുന്നുവെന്ന് വ്യക്തമാക്കിയാണ് അപ്പീൽ കോടതി ഇരുവരേയും വെറുതേവിട്ടത്.
Content Highlights: Indian couple gets bail from Qatar jail