ADVERTISEMENT

തലപ്പാക്കട്ടി ബിരിയാണിക്കു പ്രശസ്തമായ ഡിണ്ടിഗലിൽ ടി.ടി.വി. ദിനകരന്റെ പ്രചാരണയോഗമാണ്. റോഡ് സൈഡിലെ സ്റ്റേജിൽ പാട്ടും ഡാൻസും. പച്ചക്കിളി മുത്തുച്ചരം മുല്ലൈക്കൊടി യാരോ... പച്ച ഷർട്ടും പച്ച പാന്റ്സും ചേർന്ന എംജിആർ വേഷമിട്ട് കൂളിങ് ഗ്ലാസ് വച്ച നായകനൊപ്പം ജയലളിത വേഷമിട്ട നാടൻ നർത്തകി പാട്ടിനൊപ്പിച്ചു ചുവടുവയ്ക്കുന്നു. ജനം കോമഡിഷോ പോലെ കണ്ടുനിൽക്കുന്നു.

ആരാണീ ടി.ടി.വി. ദിനകരൻ? ജയലളിതയുടെ തോഴി ശശികലയുടെ (ചിന്നമ്മ) അനന്തരവനാണ്. എഐഎഡിഎംകെ ട്രഷററായിരുന്നു. ഭരണത്തിൽ കൈകടത്താൻ തുടങ്ങിയപ്പോൾ ജയലളിത പുറത്താക്കി. ജയയുടെ മരണശേഷവും പാർട്ടിക്കാർ അകറ്റിനിർത്തിയപ്പോൾ അമ്മ മക്കൾ മുന്നേറ്റ കഴകം (എഎംഎംകെ) എന്നൊരു പാർട്ടിയുണ്ടാക്കി ഉപതിരഞ്ഞെടുപ്പിൽ ജയിച്ച് എംഎൽഎ ആയി. അമ്മയോട് ഇന്നും തമിഴ് ജനതയ്ക്കുള്ള ആരാധന ദിനകരന്റെ പാർട്ടിക്കും കുറച്ചു സ്വാധീനം നൽകുന്നുണ്ട്.

ദിനകരന് തിഹാർ ജയിലിൽ കിടന്നതിന്റെ ചൂടു മാറിയിട്ടില്ലെന്നതാണു കൗതുകം. രണ്ടില ചിഹ്നം കിട്ടാൻ ഡൽഹിയിൽ പോയി തിരഞ്ഞെടുപ്പു കമ്മിഷൻ ഉദ്യോഗസ്ഥനു കൈക്കൂലി കൊടുക്കാൻ ശ്രമിച്ചപ്പോഴാണ് അകത്തായത്. കിട്ടിയിരിക്കുന്നത് പ്രഷർകുക്കർ ചിഹ്നമാണ്. ഡിണ്ടിഗലിലെ ഡാൻസ് പരിപാടിക്കിടെ നർത്തകർ എംജിആറിനെപ്പോലെ രണ്ടുവിരൽ കാണിക്കരുതെന്നാണ് നിർദേശം.

ഇതേ ട്രൂപ്പ് തന്നെ രണ്ടില ചിഹ്നമായ എഐഎഡിഎംകെയുടെ യോഗത്തിനും ഡാൻസ് അവതരിപ്പിച്ചിട്ടുള്ളതിനാൽ ശീലംകൊണ്ട് രണ്ടുവിരൽ കാട്ടുകയും ചെയ്യും. അങ്ങനെ രണ്ടുവിരൽ കാട്ടിയവരെ വിരട്ടുന്നതു കണ്ടു. ശതകോടികളുടെ ഹവാല ഇടപാടു നടത്തിയതിന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് പിടികൂടിയ കേസിൽ ജാമ്യത്തിലുമാണ് ദിനകരൻ.

ടിടിവിയെ കാണാൻ ജനത്തെ ആട്ടിത്തെളിച്ചുകൊണ്ടു കങ്കാണിമാർ വരുന്നുണ്ടായിരുന്നു. ജയലളിതയുടെ പടമുള്ള കൊടി പിടിപ്പിച്ചാണ് സ്ത്രീകളെ കൊണ്ടുവരുന്നത്. മാറിനിന്ന് 500ന്റെ നോട്ടുകൾ എണ്ണുന്ന കങ്കാണിമാരെ കണ്ടു. പാട്ടും കൂത്തും മുറുകിയപ്പോൾ റോഡിൽ ‘പാമ്പുകളുടെ’ വിളയാട്ടമായി. 7 മണിക്കു വരുമെന്നു പറഞ്ഞിട്ട് എട്ടരയായിട്ടും ദിനകരനെ കാണാതായതോടെ, കാശുവാങ്ങി വന്നവർ പിരിയാനും തുടങ്ങി.

സുന്ദരനും സുമുഖനുമായി വാഹനത്തിനു മുകളിൽനിന്ന് കൈവീശി എത്തിയ ദിനകരൻ സ്വയം മാലാഖയായി അവതരിപ്പിക്കുന്നതാണു പിന്നെ കണ്ടത്. നിങ്ങളെ വിലയ്ക്കെടുക്കാൻ ആരെയും അനുവദിക്കരുത്, പണം വാങ്ങി വോട്ട് ചെയ്യരുത് എന്നൊക്കെയായി പ്രസംഗം. ഏജന്റുമാരും കമ്മിഷനും ഇല്ലാത്ത ഭരണവും ദിനകരൻ വാഗ്ദാനം ചെയ്തു.

കോവിൽപെട്ടി മണ്ഡലത്തിൽ താൻ ജയിക്കുകയും തമിഴ്നാട്ടിൽ ആർക്കും ഭൂരിപക്ഷമില്ലാത്ത സ്ഥിതി വരികയും ചെയ്താൽ രാജാപ്പാർട്ട് കളിക്കാമെന്നാണ് ദിനകരന്റെ മോഹമത്രേ. കിട്ടിയാൽ ഊട്ടി. പ്രതാപിയായ സിറ്റിങ് മന്ത്രി കടമ്പൂർ രാജുവാണ് എതിരാളി. തോറ്റാൽ ദിനകരന്റെ കഥ കഴിയും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com