ADVERTISEMENT

ന്യൂഡൽഹി ∙ ഇന്ത്യൻ സിനിമയിലെ പരമോന്നത ബഹുമതിയായ ദാദാ സാഹെബ് ഫാൽക്കെ പുരസ്കാരം സൂപ്പർ താരം രജനീകാന്തിന് (70). 1996 ൽ ശിവാജി ഗണേശനു ശേഷം ആദ്യമായാണു ദക്ഷിണേന്ത്യൻ നടന് ഈ പുരസ്കാരം ലഭിക്കുന്നത്. മേയ് 3നു ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾക്കൊപ്പം രാഷ്ട്രപതി റാംനാഥ് കോവിന്ദ്, ഫാൽക്കെ പുരസ്കാരവും സമ്മാനിക്കും.

1975 ൽ കെ ബാലചന്ദറിന്റെ അപൂർവരാഗങ്ങളിലൂടെ അരങ്ങേറ്റം കുറിച്ച രജനീകാന്ത് ഇന്ത്യൻ സിനിമയിലെ ഏറ്റവും ജനപ്രീതിയും താരമൂല്യവുമുള്ള നടനാണ്. 2016 ൽ പത്മവിഭൂഷൺ, 2019 ലെ ഗോവ രാജ്യാന്തര ചലച്ചിത്ര മേളയിൽ ഗോൾഡൻ ജൂബിലി ഐക്കൺ പുരസ്കാരം തുടങ്ങി ഒട്ടേറെ അംഗീകാരങ്ങൾ നേടി. രജനീകാന്തിനെ അഭിനന്ദിച്ചതിനൊപ്പം, ‘തലൈവനു ഫാൽക്കെ പുരസ്കാരം ലഭിച്ചതിൽ അതിയായ സന്തോഷം’ എന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വിറ്ററിൽ കുറിച്ചു.

2019 ലെ ഫാൽക്കെ പുരസ്കാരമാണ് ഇപ്പോൾ പ്രഖ്യാപിച്ചത്. ആശാ ഭോസ്‍ലെ, മോഹൻലാൽ, ശങ്കർ മഹാദേവൻ, ബിശ്വജിത്ത് ചാറ്റർജി, സുഭാഷ് ഘായ് എന്നിവരടങ്ങുന്ന ജൂറിയാണ് തിരഞ്ഞെടുത്തത്. രജനിയുടെ മകൾ ഐശ്വര്യയുടെ ഭർത്താവ് ധനുഷ് 2019 ലെ മികച്ച നടനുള്ള ദേശീയ പുരസ്കാരം കഴിഞ്ഞയാഴ്ച നേടിയിരുന്നു.

വോട്ടിൽ നോട്ടമിട്ടല്ല പ്രഖ്യാപനമെന്ന് കേന്ദ്രം

ന്യൂഡൽഹി ∙ രജനീകാന്തിന്റെ പുരസ്കാരനേട്ടത്തെ തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പുമായി കൂട്ടിക്കുഴയ്ക്കരുതെന്നു കേന്ദ്രമന്ത്രി പ്രകാശ് ജാവഡേക്കർ. തമിഴ്നാട്ടിൽ ചൊവ്വാഴ്ച നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ, അവാർഡ് പ്രഖ്യാപനത്തിനു പിന്നിൽ രാഷ്ട്രീയ ലക്ഷ്യമുണ്ടോ എന്ന ചോദ്യത്തോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം. 

English Summary: Dada Saheb Phalke award for Rajinikanth

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com