ADVERTISEMENT

ന്യൂഡൽഹി ∙ മ്യാൻമറിൽ ജനാധിപത്യം പുനഃസ്ഥാപിക്കണമെന്നും രാഷ്ട്രീയത്തടവുകാരെ വിട്ടയയ്ക്കണമെന്നും ഇന്ത്യ ആവശ്യപ്പെട്ടു. എല്ലാത്തരം അക്രമങ്ങളെയും ഇന്ത്യ അപലപിക്കുന്നതായും വിദേശകാര്യ മന്ത്രാലയ വക്താവ് അറിയിച്ചു.

മ്യാൻമറിലെ ജനാധിപത്യ പ്രക്ഷോഭത്തിനിടെ പട്ടാള നടപടികളിൽ കുട്ടികൾ അടക്കം നൂറുകണക്കിനാളുകളാണു കൊല്ലപ്പെട്ടത്. ഫെബ്രുവരി ഒന്നിനു പട്ടാളം ഭരണം പിടിച്ചെടുത്തതോടെ നാഷനൽ ലീഗ് ഫോർ ഡെമോക്രസിയുടെ നേതാവ് ഓങ് സാൻ സൂ ചി അടക്കം രാഷ്ട്രീയനേതാക്കളെല്ലാം തടവിലാണ്. ഇന്ത്യ–മ്യാൻമർ അതിർത്തിയിലൂടെയുള്ള അഭയാർഥി പ്രവാഹം നിയമവിധേയമായി കൈകാര്യം ചെയ്യുമെന്നും മാനുഷിക പരിഗണനകളുണ്ടാവുമെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.

അതേസമയം, മ്യാൻമറിൽ പട്ടാളഭരണകൂടം ഏർപ്പെടുത്തിയ മൊബൈൽ, വയർലെസ് ഇന്റർനെറ്റ് വിലക്ക് നേരിടാനായി റേഡിയോ, ഫോൺ അടക്കം മറ്റു ആശയവിനിമയ മാർഗങ്ങളിലേക്കു പ്രക്ഷോഭകാരികൾ തിരിഞ്ഞു. നെറ്റ് ഇല്ലാതെ പ്രവർത്തിക്കുന്ന മൊബൈൽ ആപുകളും പ്രയോജനപ്പെടുത്താൻ ആഹ്വാന ചെയ്ത സമരനേതാക്കൾ, വരും ദിവസങ്ങളിൽ ശക്തമായ തെരുവു പ്രക്ഷോഭം ഉണ്ടാകുമെന്നും വ്യക്തമാക്കി. നഗരങ്ങളിൽ മെഴുകുതിരി തെളിച്ചുള്ള രാത്രിസമരത്തിനു പിന്നാലെ ബസ് സ്റ്റോപ്പുകളിൽ പൂക്കൾസമരവും നടന്നു. പട്ടാളനടപടിയിൽ കൊല്ലപ്പെട്ട യുവാക്കൾ സമരത്തിനായി പുറപ്പെട്ട ബസ് സ്റ്റോപ്പുകളിലാണ് പൂക്കൾ വച്ചത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com