ADVERTISEMENT

കമൽഹാസന്റെ പാർട്ടിയും ഇലക്‌ഷൻ പ്രചാരണവും സിനിമാ ഷൂട്ടിങ് പോലാണ്. നായകൻ കമൽ, കൂടെ അനേകം അഭിനേതാക്കളും സാങ്കേതികവിദഗ്ധരും. സംവിധായകനുമുണ്ട്. കോയമ്പത്തൂരിലെ കോടീശ്വര വ്യവസായിയും ഡോക്ടറുമായ ആർ. മഹേന്ദ്രൻ. നിർമാതാവ് അഥവാ പണം മുടക്കുന്നതും മറ്റാരോ ആണെന്ന് ആരോപിക്കുന്നവരുണ്ട്.

കോയമ്പത്തൂർ നഗരത്തോടു ചേർന്ന ശിങ്കാനല്ലൂരിൽ മക്കൾ നീതി മയ്യം (എംഎൻഎം) സ്ഥാനാർഥിയായി ഡോ.മഹേന്ദ്രൻ മത്സരിക്കുന്നുണ്ട്. അവിടെ എലോഫ്റ്റ് ഹോട്ടലിലെ രംഗങ്ങൾ തന്നെ സംവിധായകൻ ആരെന്നു വ്യക്തമാക്കി. വാർത്താ സമ്മേളനവേദി നിശ്ചയിച്ചതും സംഘടിപ്പിച്ചതും മൈക്കുകൾ ടെസ്റ്റ് ചെയ്തതും കമൽഹാസന്റെ നാടകീയ വരവു നിശ്ചയിച്ചതുമെല്ലാം ആരെന്ന് ആർക്കും സംശയമില്ല. സ്റ്റേജിൽ അഥവാ സിനിമാ ഭാഷയിൽ ഷൂട്ടിങ് സെറ്റിൽ മുൻപേ നിറഞ്ഞു നിൽക്കുകയാണ് ഡോ.മഹേന്ദ്രൻ.

ആരാണ് ഡോ.മഹേന്ദ്രൻ? ഹൃദ്രോഗ വിദഗ്ധനാണ്. പക്ഷേ, ലോകത്തെ വനില സംസ്കരണത്തിന്റെ വലിയൊരളവു നടത്തുന്നത് ഇതേ മഹേന്ദ്രനാണ്. പൊള്ളാച്ചിയിലാണു സംസ്കരണ കേന്ദ്രം. വൻതോതിൽ കൃഷിയുമുണ്ട്. പന്തയക്കുതിരകളെ വളർത്തുന്നതാണു ഹോബി.

കമലിന്റെ വരവ് അനൗൺസ് ചെയ്ത ശേഷം ആർക്കെങ്കിലും സംശയമുണ്ടെങ്കിലോ എന്നു കരുതി ഡോ.മഹേന്ദ്രൻ പറഞ്ഞു: ഞങ്ങളുടെ പാർട്ടി ഒരു വർക്ക് ഇൻ പ്രോഗ്രസ് ആകുന്നു. തുടരുന്ന മരാമത്ത്. പണി തുടങ്ങിയിട്ടേയുള്ളു. ഞങ്ങൾക്ക് ഇസമില്ല, സിദ്ധാന്തവുമില്ല.

താരവരവിന് പാണ്ടിമേളം തുടങ്ങി. നീല ജീൻസും ചാര ടീഷർട്ടും അണിഞ്ഞ് കറുപ്പും വെളുപ്പും കലർന്ന താടിയുഴിഞ്ഞ് സുസ്മേരമുഖനായി വോട്ടർമാരുടെ സ്വയംവരവരനായി കമൽ ഹാസൻ വന്നതൊരു വരവായിരുന്നു.

ഒരുകാൽ ഊന്നാതെ വടി ഊന്നിയാണു നടപ്പ്. ശസ്ത്രക്രിയ ചെയ്ത കാലിൽ പ്രചാരണത്തിനിടെ ആരോ ചവിട്ടി. സകലകലാവല്ലഭനാണെങ്കിലും വയസ്സ് 66 എന്നു കാണികൾ സമാധാനിച്ചു.

കമലിന്റെ എതിരാളികൾ കോൺഗ്രസിലെ മയൂര ജയകുമാറും ബിജെപിയിലെ വാനതി ശ്രീനിവാസനും ശക്തരാണ്. എംഎൽഎം തുക്കടാ പാർട്ടിയാണെന്ന് വാനതി ആക്ഷേപിച്ചുവെന്ന് ആരോ ചൂണ്ടിക്കാട്ടിയപ്പോൾ കമൽ വിശ്വരൂപം കാട്ടി: അവരുടെ പാർട്ടിയും പണ്ട് തുക്കടാ ആയിരുന്നു. ഇന്നും ചില സംസ്ഥാനങ്ങളിൽ തുക്കടാ തന്നെയാണ്.

‘‘ഞാൻ ഒരു ആദർശവാദി. രാഷ്ട്രീയം എന്റെ തൊഴിലല്ല, എന്റെ കടമയാകുന്നു’’ –ഉലകനായകൻ നയം വ്യക്തമാക്കുകയാണ്. ഡോ. മഹേന്ദ്രൻ തയാറാക്കിയ പാർട്ടി പ്രകടന പത്രിക ഡോക്ടർ തന്നെ വായിക്കുമ്പോൾ കമൽ കയ്യടിച്ചു.

രാമനാഥപുരം ശൗരിപാളയത്ത് കമൽ വരുമ്പോൾ കാത്തു നിൽക്കാൻ ആരുമില്ല. കമലിന്റെ പരിവാരം മറ്റു നാടുകളിൽനിന്നു വന്ന വൊളന്റിയർമാരാണ്. രഥത്തിൽനിന്നു സ്‌ലോമോഷനിൽ സ്ഥാനാർഥി ഉയർന്നു വന്നപ്പോൾ ജനം കൂടി. കൃഷ്ണസ്വാമി നഗറിൽ കൂടി രഥവ്യൂഹം യാത്രതുടരുമ്പോൾ സിനിമാതാരത്തെ കാണാൻ സ്ത്രീകളും കുട്ടികളും വന്നുകൂടി, മൊബൈൽ വിഡിയോ പിടിച്ചു. താരകൗതുകത്തിനുപരി ഇതു വോട്ടായി മാറുമോ എന്ന സന്ദേഹത്തിന് കുറഞ്ഞുവരുന്ന ആൾക്കൂട്ടം സൂചന നൽകി.

കാൽവേദന കാരണം അധിക നേരം നിൽക്കാനും വയ്യ. കമൽ മുൻ സീറ്റിൽ കാൽ നീട്ടിവച്ച് ഇരുന്നു. നേരം മങ്ങുമ്പോൾ ശുഷ്ക്കിച്ച ആൾക്കൂട്ടത്തെ നോക്കി മങ്ങിയ ചിരി ചിരിച്ചു. ആരും കട്ട് പറയാതെ തന്നെ വേഗം ആ സീൻ തീർത്ത് അടുത്ത ലൊക്കേഷനിലേക്കു യാത്രയായി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com