അസം ബിജെപി എംഎൽഎയുടെ കാറിൽ വോട്ടിങ് യന്ത്രം
Mail This Article
ഗുവാഹത്തി ∙ അസമിലെ കരിംഗഞ്ച് ജില്ലയിൽ ബിജെപി എംഎൽഎയുടെ കാറിൽനിന്നു വോട്ടിങ് യന്ത്രം പിടിച്ചു. ബൂത്തിൽ റീപോളിങ്ങിനു തീരുമാനിച്ച തിരഞ്ഞെടുപ്പു കമ്മിഷൻ, പ്രിസൈഡിങ് ഓഫിസറെയും മറ്റു 3 ഉദ്യോഗസ്ഥരെയും സസ്പെൻഡ് ചെയ്തു. വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ ജില്ലയിൽ പലയിടത്തും അക്രമമുണ്ടായി.
വ്യാഴാഴ്ച വോട്ടെടുപ്പു നടന്ന രതബാരി മണ്ഡലത്തിലാണ് മറ്റൊരു മണ്ഡലമായ പത്ഥർകാംടിയിലെ സിറ്റിങ് എംഎൽഎയും ബിജെപി സ്ഥാനാർഥിയുമായ കൃഷ്ണേന്ദുപാലിന്റെ കാറിൽനിന്നു വോട്ടിങ് യന്ത്രം പിടികൂടിയത്.
രാത്രി വഴിയിൽവച്ചു നൂറോളം പേർ വാഹനം വളയുകയായിരുന്നു. ഉദ്യോഗസ്ഥർ വോട്ടിങ് യന്ത്രം ഉപേക്ഷിച്ചോടി. സ്ഥിതി നിയന്ത്രിക്കാൻ പൊലീസ് ആകാശത്തേക്കു വെടിവച്ചു. വോട്ടിങ് യന്ത്രം പിന്നീട് പൊലീസ് സ്ട്രോങ് റൂമിലെത്തിച്ചു.
തങ്ങളുടെ കാർ കേടായെന്നും തുടർന്ന് അതുവഴി വന്ന കാറിൽ കയറിയെന്നുമാണ് ഉദ്യോഗസ്ഥരുടെ വാദം. കൃഷ്ണേന്ദുപാലിന്റെ ഭാര്യ മധുമിതയുടെ പേരിലുള്ള കാർ ആണെന്ന് അറിയില്ലായിരുന്നത്രേ. തന്റെ സഹോദരനാണു കാറിലുണ്ടായിരുന്നതെന്നു കൃഷ്ണേന്ദുപാൽ സമ്മതിച്ചു.
വോട്ടിങ് യന്ത്രത്തിന്റെ സീൽ നശിപ്പിച്ചിട്ടില്ലെങ്കിലും റീപോളിങ് നടത്തുമെന്നു കമ്മിഷൻ അറിയിച്ചു. രതബാരി ബിജെപിയുടെ സിറ്റിങ് സീറ്റാണ്. കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ബിജെപിക്കെതിരെ രംഗത്തുവന്നു.
അസമിൽ തന്നെ ഉദൽഗുരി ജില്ലയിൽ വോട്ടിങ് യന്ത്രം തട്ടിയെടുക്കാൻ ശ്രമിച്ചവർക്കു നേരെ പൊലീസ് റബർ ബുള്ളറ്റ് പ്രയോഗിച്ചു. 2 പേർക്കു പരുക്കേറ്റു.
ഹിമന്ത ബിശ്വയ്ക്ക് കമ്മിഷന്റെ വിലക്ക്
ന്യൂഡൽഹി ∙ അസം ധനമന്ത്രിയും ബിജെപിയുടെ താര പ്രചാരകനുമായ ഹിമന്ത ബിശ്വ ശർമ പൊതു പരിപാടികളിൽ പങ്കെടുക്കുന്നതിനും മാധ്യമങ്ങളോടു സംസാരിക്കുന്നതിനും തിരഞ്ഞെടുപ്പു കമ്മിഷന്റെ 48 മണിക്കൂർ വിലക്ക്.
പെരുമാറ്റച്ചട്ടം ലംഘിച്ചതിനാണു നടപടി. ബോഡോലാൻഡ് പീപ്പിൾസ് ഫ്രണ്ട് അധ്യക്ഷൻ ഹഗ്രമ മൊഹിലാരിയെ എൻഐഎയെ ഉപയോഗിച്ചു ജയിലാക്കുമെന്ന് അദ്ദേഹം പറഞ്ഞിരുന്നു. ശർമ മൽസരിക്കുന്ന ജലുക്ബാരിയിൽ ചൊവ്വാഴ്ചയാണു വോട്ടെടുപ്പ്.