ഛത്തീസ്ഗഡ് മാവോയിസ്റ്റ് ആക്രമണം: ജവാന്മാർക്കു നേരെ റോക്കറ്റ് ലോഞ്ചറുകളും
Mail This Article
ന്യൂഡൽഹി ∙ ഛത്തീസ്ഗഡിലെ ദക്ഷിണ ബസ്തർ വനമേഖലയിൽ ജവാൻമാർക്കു നേരെയുള്ള ആക്രമണത്തിനു മാവോയിസ്റ്റുകൾ റോക്കറ്റ് ലോഞ്ചറുകളും ഉപയോഗിച്ചതായി വിവരം.
മാവോയിസ്റ്റ് നേതാവ് മധ്‌വി ഹിദ്മയുടെ സാന്നിധ്യം സംബന്ധിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ജൊനഗുഡ വനമേഖലയിൽ തിരച്ചിൽ നടത്തി മടങ്ങുന്നതിനിടെയാണു സേനയ്ക്കു നേരെ മാവോയിസ്റ്റുകൾ റോക്കറ്റ് ലോഞ്ചറുകൾ തൊടുത്തത്.
അപ്രതീക്ഷിത ആക്രമണത്തിൽ പ്രതിരോധത്തിലായ ജവാൻമാർക്കു നേരെ 3 ദിശകളിൽനിന്ന് വെടിവയ്പ്പുണ്ടായി. ഇതിലേറ്റ ഗുരുതര പരുക്കാണു ജവാൻമാരിൽ പലരുടെയും മരണത്തിന് ഇടയാക്കിയത്.
പിന്നീടു സുരക്ഷിത സ്ഥാനങ്ങളിലേക്കു നീങ്ങിയ ജവാൻമാർ മാവോയിസ്റ്റുകൾക്കെതിരെ രൂക്ഷ പ്രത്യാക്രമണം നടത്തി. ഹിദ്മയുടെ സാന്നിധ്യം സംബന്ധിച്ച രഹസ്യ വിവരം തങ്ങളെ കെണിയിൽപ്പെടുത്താനുള്ള തന്ത്രമായിരുന്നോ എന്ന കാര്യവും സേന പരിശോധിക്കുന്നുണ്ട്. സേനാസംഘത്തെ നേരിടാൻ മാവോയിസ്റ്റുകൾ നടത്തിയ തയാറെടുപ്പുകളുടെ വ്യാപ്തി കണക്കിലെടുക്കുമ്പോഴാണ് ഈ സംശയം ബലപ്പെടുന്നത്.
ഇന്റലിജൻസ് വീഴ്ചയില്ല: സിആർപിഎഫ്
മാവോയിസ്റ്റുകളുടെ ആക്രമണ നീക്കം മുൻകൂട്ടി അറിയാൻ സാധിക്കാത്തതിൽ സേനയുടെ ഭാഗത്ത് ഇന്റലിജൻസ് വീഴ്ചയില്ലെന്നു സിആർപിഎഫ് ഡയറക്ടർ ജനറൽ കുൽദീപ് സിങ് പറഞ്ഞു. തങ്ങളുടെ ശക്തികേന്ദ്രങ്ങളിൽ കുറഞ്ഞ സമയത്തിനുള്ളിൽ ആക്രമണം നടത്താൻ മാവോയിസ്റ്റുകൾക്കു സാധിക്കും. മാവോയിസ്റ്റ് വേട്ടയ്ക്കിറങ്ങിയ സേനാ സംഘം ദൗത്യം പൂർത്തിയാക്കി മടങ്ങും വഴിയാണ് ആക്രമണത്തിനിരയായത് – കുൽദീപ് വ്യക്തമാക്കി.
വീഴ്ച ഉണ്ടായിട്ടില്ലെങ്കിൽ, സേനാ ദൗത്യത്തിന്റെ ആസൂത്രണം മോശമായിരുന്നുവെന്നു കരുതേണ്ടി വരുമെന്നും 21–ാം നൂറ്റാണ്ടിൽ സുരക്ഷാ കവചമില്ലാതെ ശത്രുവിനെ നേരിടേണ്ട സാഹചര്യം ഒരു സേനാംഗത്തിനുമുണ്ടാവരുതെന്നും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി പറഞ്ഞു. ജവാൻമാർ വെടിയേറ്റു വീഴുമ്പോൾ കേന്ദ്ര ആഭ്യന്തര മന്ത്രി തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ തിരക്കിലായിരുന്നുവെന്നു കോൺഗ്രസ് വക്താവ് രൺദീപ് സിങ് സുർജേവാല ആരോപിച്ചു.
English Summary: Chhattisgarh maoist attack