വോട്ടു ചെയ്യാൻ വിജയ് എത്തിയത് സൈക്കിളിൽ; ഇന്ധനവില വർധനയിൽ പ്രതിഷേധിച്ചല്ലെന്ന് നടൻ
Mail This Article
ചെന്നൈ ∙ തിരഞ്ഞെടുപ്പു ദിവസം ചർച്ചകൾക്കു വഴിമരുന്നിട്ട് നടൻ വിജയ്‌യുടെ ‘മാസ് എൻട്രി’. ചെന്നൈ നീലാങ്കരയിലെ വീട്ടിൽ നിന്നു തൊട്ടടുത്ത ബൂത്തിൽ വോട്ട് ചെയ്യാനെത്തിയത് സൈക്കിളിൽ.
ഇതോടെ, ഇന്ധന വില വർധനയ്ക്കെതിരെയുള്ള പ്രതിഷേധമാണിതെന്നായി ചർച്ചകൾ. ഡിഎംകെ കൊടിയിലെ കറുപ്പും ചുവപ്പും നിറമുള്ള സൈക്കിൾ തിരഞ്ഞെടുത്തത് അവർക്കുള്ള പിന്തുണയാണെന്നും ചിലർ പറഞ്ഞു. എന്നാൽ, ബൂത്ത് അടുത്തായതിനാലും കാറിലെത്തിയാലുണ്ടാകുന്ന ഗതാഗത തടസ്സം ഒഴിവാക്കാനുമാണു യാത്ര സൈക്കിളിലാക്കിയതെന്നു വിജയിന്റെ പിആർ ടീം വ്യക്തമാക്കി.
ഇന്ധന വില വർധനയോടുള്ള പ്രതിഷേധമാകാം സൈക്കിൾ യാത്രയെന്നു ഡിഎംകെ നേതാവും സ്ഥാനാർഥിയുമായ ഉദയനിധി സ്റ്റാലിൻ പറഞ്ഞപ്പോൾ, കൂടുതൽ വ്യാഖ്യാനം തേടേണ്ടെന്നായിരുന്നു ബിജെപി നേതാവ് നടി ഖുഷ്ബുവിന്റെ പ്രതികരണം.വിജയ്‌യുടെ സമീപകാല ചിത്രങ്ങളായ മെർസൽ, സർക്കാർ എന്നിവയിൽ നിറയെ രാഷ്ട്രീയ സൂചനകളുണ്ടായിരുന്നു. ഈയിടെ പുറത്തിറങ്ങിയ ‘മാസ്റ്റർ’ ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെ അദ്ദേഹത്തെ ആദായനികുതി വകുപ്പ് ചോദ്യം ചെയ്തതും വലിയ വാർത്തയായി.