മാവോയിസ്റ്റ് ഏറ്റുമുട്ടൽ: കാണാതായ ഭടനായി തിരച്ചിൽ തുടരുന്നു
Mail This Article
ന്യൂഡൽഹി ∙ ഛത്തീസ്ഗഡിലെ ദക്ഷിണ ബസ്തർ വനമേഖലയിൽ മാവോയിസ്റ്റുകളുമായുള്ള ഏറ്റുമുട്ടലിൽ കാണാതായ സിആർപിഎഫ് കോൺസ്റ്റബിൾ രാകേശ്വർ സിങ് മൻഹസിനെ കണ്ടെത്താൻ ശ്രമം തുടരുന്നു. മാവോയിസ്റ്റുകളുടെ കസ്റ്റഡിയിലുള്ള ഇദ്ദേഹത്തിനായി തിരച്ചിൽ ആരംഭിച്ചു. ഹെലികോപ്റ്ററിൽ വ്യോമനിരീക്ഷണവും നടത്തുന്നുണ്ട്.
മേഖലയിൽ മാവോയിസ്റ്റുകളുടെ പീപ്പിൾസ് ലിബറേഷൻ ഗറില ആർമിക്കുള്ള സ്വാധീനം തിരച്ചിലിനു തടസ്സമാണ്. രാകേശ്വർ ജീവനോടെയുണ്ടെന്നും ഉപദ്രവിക്കില്ലെന്നുമുള്ള മാവോയിസ്റ്റുകളുടെ സന്ദേശം സേനയ്ക്കു ലഭിച്ചിട്ടുണ്ട്.
വരുംദിവസങ്ങളിൽ മോചിപ്പിക്കുമെന്ന് അറിയിച്ചിട്ടുണ്ടെങ്കിലും അത് എന്നുണ്ടാവുമെന്ന കാര്യത്തിൽ അനിശ്ചിതത്വം തുടരുകയാണെന്നു സേനാ വൃത്തങ്ങൾ പറഞ്ഞു.
സേന ശക്തമായ തിരിച്ചടിക്കുമെന്നു ഭയക്കുന്ന മാവോയിസ്റ്റുകൾ അതു തടയാനുള്ള ശ്രമത്തിന്റെ ഭാഗമായിട്ടാവാം രാകേശ്വറിനെ ബന്ദിയാക്കിയതെന്നാണു സൂചന.
ആക്രമണത്തിനു നേതൃത്വം നൽകിയ മാവോയിസ്റ്റ് നേതാവ് മഡ്‌വി ഹിദ്മയെ പിടികൂടാനുള്ള നീക്കങ്ങളും സേന ആരംഭിച്ചിട്ടുണ്ട്. മാവോയിസ്റ്റ് വേട്ടയിൽ വൈദഗ്ധ്യം നേടിയ സിആർപിഎഫ് കോബ്ര സംഘത്തിലെ കമാൻഡോകൾ, സംസ്ഥാന പൊലീസിലെ പ്രത്യേക ദൗത്യ സേന എന്നിവയുടെ നേതൃത്വത്തിലാണു നടപടിക്കൊരുങ്ങുന്നത്.