എൻ.വി. രമണ ഇന്ത്യയുടെ ചീഫ് ജസ്റ്റിസ്
Mail This Article
ന്യൂഡൽഹി ∙ ഇന്ത്യയുടെ 48–ാം ചീഫ് ജസ്റ്റിസായി എൻ.വി. രമണ 24നു സത്യപ്രതിജ്ഞ ചെയ്തു ചുമതലയേൽക്കും. നിയമന ശുപാർശ രാഷ്ട്രപതി അംഗീകരിച്ചതിനു പിന്നാലെ നിയമ മന്ത്രാലയം ഉത്തരവിറക്കി.
63 വയസ്സുകാരനായ ജസ്റ്റിസ് രമണയ്ക്ക് 2022 ഓഗസ്റ്റ് 26 വരെ കാലാവധിയുണ്ട്. നിലവിൽ ചീഫ് ജസ്റ്റിസായ എസ്.എ. ബോബ്ഡെ 23നു വിരമിക്കുന്ന ഒഴിവിലേക്കാണ് മുതിർന്ന ജഡ്ജിയായ രമണയെ നിർദേശിച്ചത്.
ആന്ധ്രപ്രദേശിൽ നിന്നുള്ള രണ്ടാമത്തെയാളാണ് ഇന്ത്യയുടെ ചീഫ് ജസ്റ്റിസ് പദവിയിലെത്തുന്നത്. 1966–67 ൽ, കെ. സുബ്ബറാവു ആണ് ഇതിനു മുൻപ് ഈ പദവിയിലെത്തിയത്. കൃഷ്ണ ജില്ലയിലെ പൊന്നവരം ഗ്രാമത്തിലെ കർഷക കുടുംബത്തിൽ ജനിച്ച രമണ നേരത്തെ ആന്ധ്ര ഹൈക്കോടതിയിൽ ജഡ്ജിയും ആക്ടിങ് ചീഫ് ജസ്റ്റിസുമായിരുന്നു.
പിന്നീട്, ഡൽഹി ഹൈക്കോടതി ചീഫ് ജസ്റ്റിസായി നിയോഗിക്കപ്പെട്ട അദ്ദേഹം 2014 ലാണ് സുപ്രീം കോടതി ജഡ്ജിയാകുന്നത്.