തടവിലാക്കിയ സിആർപിഎഫ് ഭടനെ മാവോയിസ്റ്റുകൾ മോചിപ്പിച്ചു
Mail This Article
ന്യൂഡൽഹി ∙ ഛത്തീസ്ഗഡിലെ ബസ്തർ വനമേഖലയിൽ ശനിയാഴ്ച ഏറ്റുമുട്ടലിനിടെ തടവിലാക്കിയ സിആർപിഎഫ് ജവാൻ രാകേശ്വർ സിങ് മൻഹസിനെ മാവോയിസ്റ്റുകൾ മോചിപ്പിച്ചു. ഇന്നലെ രാത്രി 7 മണിയോടെ ബസഗുഡ പൊലീസ് സ്റ്റേഷനിലെത്തിയ മൻഹസിനെ വൈദ്യപരിശോധനയ്ക്കു വിധേയനാക്കി. ആരോഗ്യനില തൃപ്തികരമാണെന്നു പൊലീസ് അറിയിച്ചതായി ഭാര്യ മീന പറഞ്ഞു.
സാമൂഹിക പ്രവർത്തകനും പത്മശ്രീ ജേതാവുമായ ധരംപാൽ സെയ്നിയുടെ നേതൃത്വത്തിലുള്ള 11 അംഗ സംഘം നടത്തിയ മധ്യസ്ഥ ചർച്ചകൾക്കൊടുവിൽ വൈകിട്ട് 4 മണിയോടെയായിരുന്നു മോചനം. മാധ്യമപ്രവർത്തകരിലൊരാളുടെ ബൈക്കിനു പിന്നിലിരുന്നാണു മൻഹസ് വനത്തിനു പുറത്തേക്കു വന്നത്. മോചന വാർത്തയറിഞ്ഞ് ജമ്മു അഖ്നൂറിലുള്ള മൻഹസിന്റെ വീട്ടിൽ സന്തോഷം അണപൊട്ടി.
ധരംപാൽ സെയ്നി: ബസ്തറിലെ ഗാന്ധി
മൻഹസിന്റെ മോചനത്തിനു വഴിയൊരുക്കിയ ധരംപാൽ സെയ്നി (87) വിനോബ ഭാവെയുടെ ശിഷ്യനും ഗാന്ധിയനുമാണ്. 1970 കളിലാണു ബസ്തറിലെത്തുന്നത്. മാതാ രുക്മിണീ ദേവി ആശ്രം എന്ന പേരിൽ പ്രദേശത്ത് ഒട്ടേറെ സ്കൂളുകൾ സ്ഥാപിച്ച അദ്ദേഹം, ആദിവാസി പെൺകുട്ടികളുടെ വിദ്യാഭ്യാസം ഉറപ്പാക്കി. 1992 ൽ പത്മശ്രീ ലഭിച്ചു.