വാക്സീൻ പ്രതിസന്ധിയിൽ കൂടുതൽ രാജ്യങ്ങൾ
Mail This Article
ന്യൂഡൽഹി ∙ ആദ്യ ഡോസ് നൽകി, രണ്ടാമത്തെ ഡോസ് നൽകാൻ വഴിയില്ലാതാകുമെന്ന ആശങ്കയിൽ പിന്നാക്ക രാജ്യങ്ങൾ. ലോകാരോഗ്യ സംഘടനയുടെ കോവാക്സ് പദ്ധതി വഴി എത്തേണ്ട വാക്സീൻ ജൂൺ വരെ മുടങ്ങുമെന്ന റിപ്പോർട്ടുകളാണ് അറുപതോളം രാജ്യങ്ങളെ പ്രതിസന്ധിയിലാക്കുന്നത്.
സീറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ ഫാക്ടറിയിൽ നിന്നു തൽക്കാലം വാക്സീൻ കയറ്റുമതി വേണ്ടെന്ന കേന്ദ്ര സർക്കാർ തീരുമാനമാണ് കോവാക്സ് പദ്ധതിയെ പ്രധാനമായും ബാധിച്ചത്.
കഴിഞ്ഞ 5–ാം തീയതി മുതൽ കോവാക്സ് പദ്ധതിയിലേതുൾപ്പെടെ വിതരണം അവതാളത്തിലാണ്. യൂനിസെഫ് നൽകുന്ന കണക്കനുസരിച്ചു കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ 92 രാജ്യങ്ങളിലേക്കായി 20 ലക്ഷത്തിൽ താഴെ ഡോസ് മാത്രമാണ് ലഭ്യമാക്കിയത്.
ഇന്ത്യ മാത്രം പ്രതിദിനം 30 ലക്ഷത്തിൽപരം ഡോസുകൾ കുത്തിവയ്ക്കുമ്പോഴാണിത്. ജനസംഖ്യാനുപാതിക കണക്കിലും പിന്നാക്ക രാജ്യങ്ങളിലെ സ്ഥിതി അതിദയനീയമാണ്. സമ്പന്നരാജ്യങ്ങളിൽ ഓരോ നാലുപേരിലും ഒരാൾക്കെങ്കിലും വാക്സീൻ കിട്ടിയെന്നാണു കണക്കെങ്കിൽ, ദരിദ്ര രാജ്യങ്ങളിൽ 500 ൽ ഒരാൾക്കെന്ന തോതിൽ പോലും വാക്സീൻ ഉറപ്പായിട്ടില്ല.
വാക്സീൻ കൈമാറുന്നതിലെ നടപടിക്രമവും രാജ്യങ്ങൾക്കു പ്രശ്നമാകുന്നുണ്ട്. ലോകാരോഗ്യ സംഘടന പരിശോധിച്ച് ഉറപ്പു വരുത്തുന്ന വാക്സീനുകൾ മാത്രമേ അതതു രാജ്യങ്ങളിലേക്ക് അയയ്ക്കാറുള്ളൂ. ഇതു വൈകുന്നതു മൂലം രണ്ടാം ഡോസിന് നിശ്ചയിച്ചിരിക്കുന്ന 12 ആഴ്ച സമയവും കഴിഞ്ഞുപോകുമോയെന്ന ആശങ്കയിലാണു പല രാജ്യങ്ങളും.
കോവിഡ്: രാജ്യത്ത് റെക്കോർഡ് വർധന
ന്യൂഡൽഹി ∙ കോവിഡ് കേസുകളുടെ എണ്ണത്തിൽ രാജ്യത്തു റെക്കോർഡ് വർധന തുടരുന്നു. പ്രതിദിന കേസുകളുടെ എണ്ണം ഇതാദ്യമായി 1.45 ലക്ഷം കവിഞ്ഞു. മഹാരാഷ്ട്ര, ഛത്തീസ്ഗഡ്, കർണാടക, ഉത്തർപ്രദേശ്, ഡൽഹി മധ്യപ്രദേശ്, തമിഴ്നാട്, കേരളം, രാജസ്ഥാൻ, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളാണ് കടുത്ത ആശങ്ക പകരുന്നത്.
ആകെ കേസുകളുടെ 82.82 ശതമാനവും ഈ 10 സംസ്ഥാനങ്ങളിൽ നിന്നാണ്. രാജ്യത്തു ചികിത്സയിലുള്ള രോഗികളുടെ എണ്ണം ഒരിടവേളയ്ക്കു ശേഷം ഇതാദ്യമായി 10 ലക്ഷം കവിഞ്ഞു. വെള്ളിയാഴ്ച 77,567 പേർ കൂടി കോവിഡ് മുക്തിയെ തുടർന്ന് ആശുപത്രി വിട്ടപ്പോൾ 794 പേർ മരിച്ചു.