മുംബൈയിൽ ഹോം ക്വാറന്റീനിൽ 6 ലക്ഷം പേർ
Mail This Article
മുംബൈ ∙ മഹാരാഷ്ട്രയിൽ വീണ്ടും ലോക്ഡൗൺ ഏർപ്പെടുത്തുന്നതിനു മുന്നോടിയായി കോവിഡ് കർമസേന, വകുപ്പുതല ഉദ്യോഗസ്ഥർ, വ്യവസായ പ്രതിനിധികൾ എന്നിവരുമായി മുഖ്യമന്ത്രി ഉദ്ധവ് താക്കറെ ചർച്ച നടത്തി.
സംസ്ഥാനത്ത് ഇന്നലെ 51,751 പേർക്കു കോവിഡ് സ്ഥിരീകരിച്ചു. 258 പേർ കൂടി മരിച്ചു. ചികിത്സയിലുള്ളവരുടെ എണ്ണം മുംബൈയിൽ മാത്രം 90,000 പിന്നിട്ടു. ഹോം ക്വാറന്റീനിലുള്ളവർ 6 ലക്ഷം കടന്നു. കോവിഡ് പരിശോധനാ ലാബുകൾ ഇനി 24 മണിക്കൂറും പ്രവർത്തിക്കും. നക്ഷത്ര ഹോട്ടലുകളിൽ കെയർ സെന്ററുകൾ തുറക്കാനും ആവശ്യപ്പെടും.
ബിജെപി മുൻ എംഎൽഎ പാസ്കൽ ധനാരെ (49) കോവിഡ് ബാധിച്ചു മരിച്ചു. നടൻ അക്ഷയ്കുമാർ സുഖം പ്രാപിച്ചു.
ഡൽഹിയിൽ 11,491 പേർ കൂടി പോസിറ്റിവായി. 72 പേർ ഇന്നലെ മരിച്ചു. കർണാടകയിൽ റായ്ചൂർ മസ്കി നിയമസഭാ ഉപതിരഞ്ഞെടുപ്പിലെ ബിജെപി സ്ഥാനാർഥി പ്രതാപഗൗഡ പാട്ടീലിനു കോവിഡ് സ്ഥിരീകരിച്ചു. 9579പേർ കൂടി പോസിറ്റീവായി; ഇതിൽ ആറായിരത്തിലേറെപ്പേർ ബെംഗളൂരുവിലാണ്. സംസ്ഥാനത്താകെ ഇന്നലെ മരണം 52.
തമിഴ്നാട്ടിൽ കോവിഡ് ചട്ടലംഘനത്തിനു 4 ദിവസത്തിനിടെ 2.52 കോടി രൂപ പിഴയീടാക്കി. പുതുതായി 6,711 പോസിറ്റീവ്; 19 മരണം.