മമതയ്ക്ക് ഒരു ദിവസം പ്രചാരണ വിലക്ക്
Mail This Article
ന്യൂഡൽഹി ∙ തിരഞ്ഞെടുപ്പു പെരുമാറ്റച്ചട്ടം ലംഘിക്കുന്ന വിധം പ്രസംഗിച്ചതിന് ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിക്കു തിരഞ്ഞെടുപ്പു കമ്മിഷൻ ഒരു ദിവസത്തെ പ്രചാരണ വിലക്കേർപ്പെടുത്തി.
ഇന്നലെ രാത്രി 8 മുതൽ ഇന്നു രാത്രി 8 വരെയാണ് വിലക്ക്. കുച്ച്ബിഹാർ ജില്ലയിലെ തിരഞ്ഞെടുപ്പു യോഗങ്ങളിൽ ന്യൂനപക്ഷ വോട്ടുകൾ ഭിന്നിച്ചു പോകാതെ തൃണമൂൽ കോൺഗ്രസിനു ചെയ്യണമെന്നും കേന്ദ്രസേന വോട്ട് ചെയ്യുന്നവരെ തടഞ്ഞാൽ അവരെ നേരിടണമെന്നുമുള്ള പ്രസംഗങ്ങളുടെ പേരിലാണു വിലക്ക്.
രണ്ടു വിഷയങ്ങളിലും കമ്മിഷൻ മമതയ്ക്കു നോട്ടിസ് നൽകിയിരുന്നു. രണ്ടിലും പ്രസംഗത്തിലെ കാതലായതും ഗുരുതരമായതുമായ ഭാഗങ്ങൾ മറച്ചു വച്ചാണ് മമത മറുപടി നൽകിയതെന്നും ബോധപൂർവമായ മറവി അവർക്കുണ്ടെന്നു തോന്നുന്നുവെന്നും കമ്മിഷൻ ഉത്തരവിൽ പറയുന്നു. മമതയ്ക്കെതിരെ ബിജെപിയും പരാതി നൽകിയിരുന്നു.
അസം സ്ഥാനാർഥികളെ ഭൂട്ടാനിലേക്കു മാറ്റി
ന്യൂഡൽഹി ∙ അസം നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപിക്കെതിരെ മത്സരിച്ച പ്രതിപക്ഷ സഖ്യ സ്ഥാനാർഥികൾ രാജ്യം വിട്ടു. കോൺഗ്രസിന്റെ നേതൃത്വത്തിലുള്ള സഖ്യത്തിൽ അംഗമായ ബോഡോലാൻഡ് പീപ്പിൾസ് ഫ്രണ്ടിലെ (ബിപിഎഫ്) സ്ഥാനാർഥികളെയാണു ഭൂട്ടാനിലേക്കു മാറ്റിയത്. എംഎൽഎമാരായാൽ, ഇവരെ ചാക്കിട്ടു പിടിക്കാൻ ബിജെപി രംഗത്തിറങ്ങുമെന്നു ഭയന്നാണു ബിപിഎഫ് നേതൃത്വത്തിന്റെ നടപടി.
മറ്റൊരു സഖ്യ കക്ഷിയായ എഐയുഡിഎഫും സ്ഥാനാർഥികളെ അസമിനു പുറത്തേക്കു മാറ്റി. കോൺഗ്രസ് ഭരിക്കുന്ന രാജസ്ഥാനിലെ ജയ്പുരിലുള്ള റിസോർട്ടിലാണ് ഇവരുള്ളത്. അതേസമയം, കോൺഗ്രസ് സ്ഥാനാർഥികൾ അസമിൽ തുടരുകയാണ്.