ADVERTISEMENT

ന്യൂഡൽഹി ∙ ഇന്ത്യയും ഫ്രാൻസും തമ്മിലുള്ള റഫാൽ യുദ്ധവിമാന കരാറിലുൾപ്പെട്ട ഇടനിലക്കാരൻ സുഷേൻ ഗുപ്തയ്ക്കു പ്രതിരോധ രഹസ്യരേഖകൾ ചോർത്തി നൽകിയതാര് എന്നതിൽ ദുരൂഹത തുടരുന്നു. 

പ്രതിരോധമന്ത്രാലയം തയാറാക്കിയ രഹസ്യരേഖകളാണു സുഷേന്റെ പക്കൽ നിന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) പിടികൂടിയത്. അഗസ്റ്റ വെസ്റ്റ്ലാൻഡ് ഹെലികോപ്റ്റർ ഇടപാടിൽ സുഷേന്റെ പങ്ക് അറിയാൻ നടത്തിയ പരിശോധനയിലാണ് ഇഡി രേഖകൾ പിടിച്ചെടുത്തത്. 

റഫാൽ നിർമാതാക്കളായ ഡാസോ ഏവിയേഷനുമായി കരാർ ഉറപ്പിക്കുന്നതിനു മുന്നോടിയായുള്ള ചർച്ചകളിൽ സ്വീകരിക്കേണ്ട തന്ത്രങ്ങൾ സംബന്ധിച്ച് പ്രതിരോധ മന്ത്രാലയത്തിലെ ഏഴംഗ സംഘം തയാറാക്കിയ രഹസ്യറിപ്പോർട്ടുകളാണു സുഷേൻ ചോർത്തിയത്. 

സുഷേൻ അവ ഡാസോയ്ക്കു കൈമാറിയതായാണു ഫ്രഞ്ച് മാധ്യമമായ മീഡിയപാർട്ടിന്റെ റിപ്പോർട്ട് സൂചിപ്പിക്കുന്നത്. മന്ത്രാലയത്തിന്റെ തന്ത്രം മുൻകൂട്ടി മനസ്സിലാക്കിയ ഡാസോ, ചർച്ചയിൽ അതിനനുസരിച്ചുള്ള വാദങ്ങളും കണക്കുകളും നിരത്തി കരാർ നേടിയെന്ന സംശയം ബലപ്പെടുത്തുന്നതാണു മീഡിയപാർട്ടിന്റെ വെളിപ്പെടുത്തൽ. 

ഇടപാടിൽ പ്രതിരോധമന്ത്രാലയത്തെ മറികടന്ന് പ്രധാനമന്ത്രിയുടെ ഓഫിസ് സമാന്തര ചർച്ചകൾ നടത്തിയതായി സ്ഥിരീകരിക്കുന്ന രേഖകൾ മുൻപ് പുറത്തുവന്നിരുന്നു. ഈ നടപടി പ്രതിരോധ മന്ത്രാലയത്തിന്റെയും ചർച്ചാ സംഘത്തിന്റെയും നില ദുർബലമാക്കിയെന്നു ചൂണ്ടിക്കാട്ടി വ്യോമയാന ഡപ്യൂട്ടി സെക്രട്ടറി എസ്.കെ. ശർമ രംഗത്തുവന്നിരുന്നു. 

ഹർജി രണ്ടാഴ്ചയ്ക്കു ശേഷം കേൾക്കും

ന്യൂഡൽഹി ∙ റഫാൽ ഇടപാടുമായി ബന്ധപ്പെട്ട ഹർജി വീണ്ടും സുപ്രീം കോടതിയിൽ. പുതിയ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തിൽ സ്വതന്ത്ര അന്വേഷണം ആവശ്യപ്പെട്ടാണ് അഭിഭാഷകനായ എം.എൽ.ശർമ ഹർജി നൽകിയത്. രണ്ടാഴ്ചയ്ക്കു ശേഷം ഇതു പരിഗണിക്കുമെന്ന് ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്ഡെ വ്യക്തമാക്കി.

ഇന്ത്യയും ഫ്രാൻസും തമ്മിലുള്ള യുദ്ധവിമാന കരാറിൽ ഡാസോ ഏവിയേഷൻ ഇടനിലക്കാരൻ സുഷേൻ ഗുപ്തയ്ക്കു കോഴയുടെ ആദ്യ ഗഡുവായി 4.38 കോടി രൂപ നൽകിയെന്ന് ഫ്രഞ്ച് മാധ്യമമായ മീഡിയപാർട്ട് റിപ്പോർട്ട് ചെയ്തിരുന്നു. സമ്മാനമായി നൽകാനുള്ള റഫാലിന്റെ ചെറുമാതൃക നി‍ർമിക്കാൻ ഇന്ത്യൻ കമ്പനിയായ ഡെഫ്സിസ് സൊല്യൂഷൻസുമായുണ്ടാക്കിയ കരാറിന്റെ പകുതി തുകയാണിതെന്നായിരുന്നു ഡാസോയുടെ വിശദീകരണം. എന്നാൽ, കോഴ നൽകുന്നതിനുള്ള മറയായിരുന്നു ഇതെന്നാണ് ഇപ്പോഴുയർന്നിട്ടുള്ള ആരോപണം.

കേന്ദ്ര സർക്കാരിനു മുൻപ് ക്ലീൻ ചിറ്റ് നൽകിയ കേസിൽ ഹർജിക്കാരനായിരുന്ന ശർമ തന്നെയാണു വിഷയം വീണ്ടും കോടതിയിലെത്തിച്ചത്.

വ്യവസ്ഥ ഒഴിവാക്കിയത് സംശയാസ്പദം

പ്രതിരോധ ഇടപാടിലുൾപ്പെട്ട കമ്പനി ബാഹ്യസമ്മർദത്തിനു വഴങ്ങുകയോ ഏജന്റുമാരുമായി ഇടപെടുകയോ ചെയ്താൽ പിഴ ചുമത്തണമെന്ന ഇന്ത്യൻ പ്രതിരോധ സംഭരണ ചട്ടത്തിലെ വ്യവസ്ഥ റഫാൽ കരാറിന്റെ കാര്യത്തിൽ ഒഴിവാക്കിയതും സംശയാസ്പദം. 2016 സെപ്റ്റംബറിൽ പ്രതിരോധ മന്ത്രി മനോഹർ പരീക്കറിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗമാണു വ്യവസ്ഥ മാറ്റാൻ അനുമതി നൽകിയത്. പ്രതിരോധ ഇടപാടുകൾ അഴിമതി മുക്തമാണെന്ന് ഉറപ്പാക്കാനുള്ള വ്യവസ്ഥ ഒഴിവാക്കിയതു ഡാസോയെയും സുഷേനെയും സംരക്ഷിക്കാനാണെന്ന ആരോപണവുമായി കോൺഗ്രസ് രംഗത്തുവന്നിട്ടുണ്ട്. 

അതേസമയം, പ്രതിരോധ ഇടപാടിൽ സുഷേനു പങ്കില്ലെന്നും രഹസ്യരേഖകൾ ശേഖരിക്കുകയോ കൈമാറുകയോ ചെയ്തിട്ടില്ലെന്നും അദ്ദേഹത്തിന്റെ അഭിഭാഷകൻ പ്രതികരിച്ചു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com