എല്ലാ വിദേശ വാക്സീനുകൾക്കും അനുമതി
Mail This Article
ന്യൂഡൽഹി ∙ മറ്റു രാജ്യങ്ങളിൽ അംഗീകാരം നേടിയ എല്ലാ കോവിഡ് വാക്സീനുകൾക്കും ഇന്ത്യയിൽ പ്രാദേശിക ട്രയൽ ഇല്ലാതെ അടിയന്തര ഉപയോഗാനുമതി നൽകാനുള്ള നിർണായക തീരുമാനവുമായി ആരോഗ്യമന്ത്രാലയം. രാജ്യത്തു കോവിഡ് കുതിച്ചുയരുന്നതിനിടെയാണ്, തദ്ദേശീയമായി നിർമിച്ച ‘ആത്മനിർഭർ വാക്സീനുകൾ’ എന്ന കടുംപിടിത്തം കേന്ദ്രം ഉപേക്ഷിക്കുന്നത്.
വിദേശ വാക്സീനുകൾ ആദ്യം 100 ഗുണഭോക്താക്കൾക്കു മാത്രമായി നൽകും. ഒരാഴ്ച നിരീക്ഷണ വിധേയമാക്കി സുരക്ഷിതത്വം ഉറപ്പിച്ച ശേഷമേ വ്യാപക ഉപയോഗത്തിന് അനുവദിക്കൂ. ഇതേസമയം, ചൈനീസ് വാക്സീനുകൾക്ക് ഇന്ത്യയിൽ അനുമതി നൽകുമോയെന്നതിൽ ആരോഗ്യമന്ത്രാലയം പ്രതികരിച്ചില്ല.
4 വാക്സീനുകൾ കൂടി വരും
നിലവിൽ ഓക്സ്ഫഡ് സർവകലാശാല വികസിപ്പിച്ച കോവിഷീൽഡ്, ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച കോവാക്സീൻ, റഷ്യയുടെ സ്പുട്നിക് എന്നിവയ്ക്കാണ് ഇന്ത്യയിൽ അനുമതിയുള്ളത്. ഫൈസർ, മൊഡേണ, നോവവാക്സ്, ജോൺസൺ ആൻഡ് ജോൺസൺ എന്നീ കമ്പനികളുടെ വാക്സീനുകൾക്ക് ഇന്ത്യയിൽ വാതിൽതുറക്കുന്നതാണ് പുതിയ തീരുമാനം.
ഇതിനിടെ, സ്പുട്നിക് V വാക്സീന് അടിയന്തര ഉപയോഗ അനുമതി നൽകാനുള്ള ശുപാർശ ഡ്രഗ്സ് കൺട്രോളർ ജനറൽ ഇന്നലെ അംഗീകരിച്ചു. വാക്സീൻ മേയ് പകുതിയോടെ ഇന്ത്യയിൽ ലഭ്യമാക്കുമെന്നു റഷ്യ സൂചന നൽകി.
English Summary: Permission for all foreign covid vaccines