ഓക്സിജൻ ലഭ്യത ഉറപ്പാക്കും; ഉൽപാദനം വർധിപ്പിക്കാൻ പ്രധാനമന്ത്രിയുടെ നിർദേശം
Mail This Article
ന്യൂഡൽഹി ∙ കേരളം ഉൾപ്പെടെ കോവിഡ് രൂക്ഷമായ 12 സംസ്ഥാനങ്ങളിലെ ഓക്സിജൻ ലഭ്യത ഉറപ്പുവരുത്താൻ പ്രധാനമന്ത്രി നരേന്ദ്ര മോദി അവലോകന യോഗം വിളിച്ചു. അടുത്ത 15 ദിവസത്തെ അടിയന്തര ഉപയോഗവും ഇതിനാവശ്യമായി വരുന്ന ഓക്സിജന്റെ അളവുമാണു പരിശോധിച്ചത്. ഈ സംസ്ഥാനങ്ങളിലെ ജില്ലാതല സ്ഥിതി സംബന്ധിച്ച റിപ്പോർട്ടും യോഗം ചർച്ച ചെയ്തു. 12 സംസ്ഥാനങ്ങളിലേക്ക് ഏപ്രിൽ 30 വരെ 6593 ടൺ അനുവദിച്ചിട്ടുണ്ട്. ഓരോ പ്ലാന്റിലും ഓക്സിജൻ ഉൽപാദനം വർധിപ്പിക്കാൻ പ്രധാനമന്ത്രി നിർദേശിച്ചു.
ഷിഫ്റ്റ് അടിസ്ഥാനത്തിൽ ജോലി ചെയ്യുന്ന ഡ്രൈവർമാരുമായി ടാങ്കറുകൾ മുഴുവൻ സമയവും സഞ്ചരിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ സംസ്ഥാന സർക്കാരുകളോട് ആവശ്യപ്പെടും. അന്തർസംസ്ഥാന പെർമിറ്റെടുക്കുന്നതിൽ നിന്ന് ഓക്സിജൻ ടാങ്കറുകളെ ഒഴിവാക്കി. മതിയായ സുരക്ഷാ സംവിധാനങ്ങളുമായി സിലിണ്ടർ ഫില്ലിങ് പ്ലാന്റുകൾക്ക് 24 മണിക്കൂർ പ്രവർത്തിക്കാം. സ്റ്റീൽ പ്ലാന്റുകളിൽ മിച്ചം വരുന്ന സ്റ്റോക്ക് മെഡിക്കൽ ഉപയോഗത്തിനായി മാറ്റാനും യോഗം നിർദേശിച്ചു. ഇറക്കുമതി ചെയ്യുന്നതിനുള്ള നടപടികളെക്കുറിച്ചും ഉദ്യോഗസ്ഥർ പ്രധാനമന്ത്രിയെ ധരിപ്പിച്ചു.
ഉൽപാദന കേന്ദ്രം സ്ഥിതി ചെയ്യുന്ന സംസ്ഥാനത്തു മാത്രം ഓക്സിജൻ വിതരണം എന്ന നിലയിൽ നിയന്ത്രണമില്ലെന്നും ഏതു നഗരത്തിലേക്കും ഏതു സമയത്തും ഓക്സിജൻ എത്തിക്കാമെന്നും ആഭ്യന്തര മന്ത്രാലയം സംസ്ഥാന സർക്കാരുകൾക്ക് അയച്ച കത്തിൽ വ്യക്തമാക്കി.
അതിനിടെ, കോവിഡ് ചികിത്സാ സൗകര്യങ്ങളുടെ കുറവ് പരിഹരിക്കാൻ മറ്റു മന്ത്രാലയങ്ങളുടെയും പൊതുമേഖലാ സ്ഥാപനങ്ങളുടെയും സഹായം ആരോഗ്യമന്ത്രാലയം തേടി. വിവിധ കേന്ദ്ര മന്ത്രാലയങ്ങൾക്കു നിയന്ത്രണമുള്ള ആശുപത്രികളിൽ പ്രത്യേക കോവിഡ് ചികിത്സാ ബ്ലോക്കുകളും വാർഡുകളും സജ്ജമാക്കാൻ നിർദേശിച്ച് കേന്ദ്ര ആരോഗ്യസെക്രട്ടറി കത്തു നൽകി. പൊതുമേഖലാ സ്ഥാപനങ്ങൾക്കു കീഴിൽ അധിക ചികിത്സാ സൗകര്യം സാധ്യമെങ്കിൽ സജ്ജമാക്കാനും നിർദേശമുണ്ട്.
English Summary: Oxygen will be ensured says prime minister