ADVERTISEMENT

ന്യൂഡൽഹി ∙ കോവിഡ് വ്യാപനം വർധിക്കുന്ന കേരളമടക്കമുള്ള സംസ്ഥാനങ്ങളിൽ കണ്ടെയ്ൻമെന്റ് സോണുകളുടെ വ്യാപ്തി കൂട്ടണമെന്ന് ആരോഗ്യമന്ത്രി ഡോ. ഹർഷ് വർധൻ നിർദേശിച്ചു. 11 സംസ്ഥാനങ്ങളിലെ ആരോഗ്യ മന്ത്രിമാരും ഉദ്യോഗസ്ഥരും പങ്കെടുത്ത യോഗത്തിൽ, സാമൂഹിക ക്വാറന്റീൻ ഏർപ്പെടുത്തുന്നതടക്കം വ്യാപനം തടയുന്ന രീതികളിൽ മാറ്റം വരുത്തണമെന്നും മന്ത്രി നിർദേശിച്ചു. 

വാക്സീൻ ക്ഷാമം ഇല്ലെന്നു മന്ത്രി പറഞ്ഞു. ഇതുവരെ 14.15 കോടി ഡോസ് കേന്ദ്രം നൽകി. ഒരാഴ്ചയ്ക്കകം 1.58 കോടി ഡോസ് കൂടി എത്തിക്കും. വലിയ സംസ്ഥാനങ്ങൾക്ക് 4 ദിവസം കൂടുമ്പോഴും ചെറിയ സംസ്ഥാനങ്ങൾക്ക് 7 ദിവസം കൂടുമ്പോഴും വാക്സീൻ നൽകുന്നുണ്ട്.കോവിഡ് കിടക്കകൾ വർധിപ്പിക്കണമെന്നും ജനിതക ശ്രേണീകരണത്തിനു കൂടുതൽ സാംപിളുകൾ നൽകണമെന്നും മന്ത്രി നിർദേശിച്ചു. 

റെംഡെസിവർ വില കുറച്ചു

ന്യൂഡൽഹി ∙ കോവിഡ് രോഗികൾക്കു നൽകുന്ന ആന്റിവൈറൽ കുത്തിവയ്പു മരുന്നായ റെംഡെസിവറിന്റെ വില കേന്ദ്രസർക്കാർ വെട്ടിക്കുറച്ചു. ഡോസ് ഒന്നിനു 2000 രൂപയാണു കുറച്ചത്. ഇതോടെ കുറഞ്ഞ വില 899 രൂപയായി. മരുന്നു നിർമാതാക്കളുമായി നടത്തിയ ചർച്ചയെ തുടർന്നാണു തീരുമാനം. ഈ മരുന്നിന്റെ കയറ്റുമതി നിരോധിച്ചിരുന്നു. രാജ്യത്ത് 7 സ്ഥാപനങ്ങളാണ് റെംഡെസിവർ ഉൽപാദിപ്പിക്കുന്നത്.

കുംഭമേള പ്രതീകാത്മകം ആക്കണമെന്നു മോദി

ന്യൂഡൽഹി ∙ ഹരിദ്വാറിലെ കുംഭമേള പ്രതീകാത്മകമായി നടത്തണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി നിർദേശിച്ചു. ജുന അഖാഡ അധിപൻ സ്വാമി അവധേശാനന്ദ ഗിരിയുമായി നടത്തിയ സംഭാഷണത്തിലാണ് അദ്ദേഹം ഇക്കാര്യം അഭ്യർഥിച്ചത്. തുടർന്ന് 27ന് നടക്കുന്ന മൂന്നാമത്തെ ഷാഹി സ്നാനം പ്രതീകാത്മകമായി നടത്തുമെന്നും കോവിഡ് മാനദണ്ഡങ്ങൾ പാലിക്കുമെന്നും സ്വാമി അറിയിച്ചു. പ്രധാനമന്ത്രിയുടെ അഭ്യർഥനയെ തുടർന്ന് പ്രമുഖ സന്യാസി സംഘമായ ജൂനാ അഖാര കുംഭമേളയിൽനിന്നു പിന്മാറി. 30 സന്യാസിമാർ കുംഭമേളയ്ക്കിടെ കോവിഡ് പോസിറ്റീവായിരുന്നു. മഹാ നിർവാണി അഖാഡയുടെ അധ്യക്ഷൻ സ്വാമി കപിൽദേവ് കോവിഡ് ബാധിച്ചു മരിക്കുകയും ചെയ്തു.

ഓക്സിജൻ കയറ്റുമതി വിലക്കി ഗോവ

പനജി ∙ കോവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ ഗോവയിൽ ഓക്സിജൻ കയറ്റുമതി വിലക്കി. നിലവിലുള്ള സിലിണ്ടറുകൾ ആരോഗ്യമേഖലയുടെ ആവശ്യങ്ങൾക്കായി മാറ്റിവയ്ക്കണമെന്ന് നിർമാതാക്കളോട് നിർദേശിച്ചു.

കിടക്കയില്ലാതെ യുപി

ലക്നൗ ∙ ഉത്തർപ്രദേശിന്റെ തലസ്ഥാനമായ ലക്നൗവിലെ ആശുപത്രികളിൽ ഇടമില്ലാത്തതിനാൽ കോവിഡ് ബാധിതരെ പ്രവേശിപ്പിക്കുന്നില്ലെന്നു ബന്ധുക്കളുടെ പരാതി. ഹെൽപ്‌ലൈൻ നമ്പറിൽ വിളിച്ചാലും കൃത്യമായ പ്രതികരണമില്ലെന്ന് അവർ പറഞ്ഞു. 

വ്യാജമരുന്നു കച്ചവടം

പുണെ ∙ റെംഡെസിവർ എന്ന പേരിൽ വ്യാജമരുന്ന് വിൽപന നടത്തിയ 4 പേരെ പുണെയിലെ ബാരാമതിയിൽ പൊലീസ് അറസ്റ്റ് ചെയ്തു. പാരസെറ്റമോൾ ദ്രാവകം നിറച്ച ഇവ വയലൊന്നിന് 35,000 രൂപയ്ക്കാണ് വിറ്റഴിച്ചത്. ആശുപത്രികളിൽനിന്നു സംഘടിപ്പിക്കുന്ന ഒഴിഞ്ഞ വയലുകൾ ശേഖരിച്ചായിരുന്നു കച്ചവടം.

മരുന്നു മോഷണം

ഭോപാൽ ∙ റെംഡെസിവറിനു ക്ഷാമം നേരിടുന്ന മധ്യപ്രദേശിൽ ഗവ. ആശുപത്രിയിൽനിന്ന് ഈ മരുന്ന് വൻ തോതിൽ മോഷ്ടിക്കപ്പെട്ടെന്നു പരാതി. ഭോപാലിലെ ഹമീദിയ ആശുപത്രിയിൽ നിന്നാണ് മരുന്ന് നഷ്ടപ്പെട്ടത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com