കോവിഡ്: തൊഴിൽ മേഖല വീണ്ടും പ്രതിസന്ധിയിലേക്ക്
Mail This Article
ന്യൂഡൽഹി ∙ കോവിഡ് വീണ്ടും രൂക്ഷമായതിനെ തുടർന്നു പല സംസ്ഥാനങ്ങളിലും ഭാഗിക ലോക്ഡൗൺ വന്നതോടെ തൊഴിലില്ലായ്മയും വർധിക്കുന്നെന്നു റിപ്പോർട്ട്. പല നഗരങ്ങളിൽ നിന്നും അതിഥിത്തൊഴിലാളികൾ തിരിച്ചുപോക്കു തുടങ്ങി. ഡൽഹിയിൽ ആനന്ദ് വിഹാറിലെ ഇന്റർസ്റ്റേറ്റ് ബസ് ടെർമിനലിലും മറ്റും തിരിച്ചു പോകുന്നവരുടെ തിരക്കേറി.
നഗരമേഖലകളിൽ തൊഴിലില്ലായ്മ വർധിച്ചു. വാരാന്ത്യ ലോക്ഡൗൺ തുടങ്ങിയതോടെ റസ്റ്ററന്റുകൾ, മാളുകൾ, തിയറ്ററുകൾ തുടങ്ങിയവയിൽ തൊഴിൽനഷ്ടമോ ശമ്പളക്കുറവോ ഉണ്ടായിട്ടുണ്ട്. രാജ്യത്തെ തൊഴിൽ മേഖലയിൽ നിരന്തര ഗവേഷണം നടത്തുന്ന സിഎംഐഇയുടെ ഏറ്റവും പുതിയ റിപ്പോർട്ട് പ്രകാരം നഗരങ്ങളിൽ തൊഴിലില്ലായ്മ 8.6% ആയി. മാർച്ചിൽ ഇത് 7.24% ആയിരുന്നു. കഴിഞ്ഞ വർഷത്തെ ലോക്ഡൗണിൽ തകർന്ന അസംഘടിത തൊഴിൽ മേഖല തിരിച്ചുവരാൻ തുടങ്ങിയപ്പോഴാണ് കോവിഡ് വീണ്ടും പിടിമുറുക്കിയത്.
ലോക്ഡൗൺ അരുതെന്ന് ഫിക്കി
ന്യൂഡൽഹി ∙ കോവിഡ് രണ്ടാംഘട്ട വ്യാപനത്തെത്തുടർന്ന് വീണ്ടും സമ്പൂർണ ലോക്ഡൗൺ ഏർപ്പെടുത്തരുതെന്ന് ആവശ്യപ്പെട്ട് ഫെഡറേഷൻ ഓഫ് ഇന്ത്യൻ ചേംബേഴ്സ് ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രി (ഫിക്കി) 25 സംസ്ഥാന മുഖ്യമന്ത്രിമാർക്കു കത്തയച്ചു. ടെസ്റ്റുകളുടെ എണ്ണം കൂട്ടുക, ബോധവൽക്കരണം നടത്തുക, പ്രോട്ടോക്കോൾ പാലിക്കുക എന്നിവയിലൂടെ മഹാമാരിയെ നിയന്ത്രിക്കണമെന്നും ഫിക്കി അഭ്യർഥിച്ചു.