തിരഞ്ഞെടുപ്പുത്സവം; പിടിച്ചത് 1000 കോടി
Mail This Article
ന്യൂഡൽഹി∙ തിരഞ്ഞെടുപ്പു നടന്ന 5 സംസ്ഥാനങ്ങളിൽ നിന്നും ഉപതിരഞ്ഞെടുപ്പു നടക്കുന്ന മണ്ഡലങ്ങളിൽ നിന്നും തിരഞ്ഞെടുപ്പു കമ്മിഷൻ പിടിച്ചെടുത്ത പണവും മറ്റു വസ്തുക്കളും 1000 കോടിയിലേറെ രൂപയുടേത്. ബംഗാളിൽ മൂന്നു ഘട്ടങ്ങൾ കൂടി അവശേഷിക്കെ തുക ഇനിയും കൂടിയേക്കും. പണം മാത്രം 344.85 കോടി പിടികൂടി. മുൻ വർഷങ്ങളിൽ ഇവിടെ നടന്ന തിരഞ്ഞെടുപ്പുകളെ അപേക്ഷിച്ച് റെക്കോർഡ് തുകയാണിത്. തിരഞ്ഞെടുപ്പു ചെലവുകൾ നിരീക്ഷിക്കാൻ 321 നിരീക്ഷകരെയും 5 പ്രത്യേക നിരീക്ഷകരെയും ഇത്തവണ നിയോഗിച്ചിരുന്നു.
കേരളത്തിൽ നിന്ന് 22.88 കോടി രൂപയും 5.16 കോടി രൂപയുടെ മദ്യവും 4.06 കോടിയുടെ ലഹരി വസ്തുക്കളും പിടികൂടി. 1.95 കോടി രൂപ മതിക്കുന്ന സമ്മാനങ്ങളും 50.86 കോടി രൂപയുടെ വിലപിടിപ്പുള്ള ലോഹങ്ങളും പിടികൂടി. കണക്കിൽപ്പെടാതെ ആകെ 84.91 കോടി രൂപയുടെ വസ്തു വകകളാണ് പിടികൂടിയത്. 2016ലെ തിരഞ്ഞെടുപ്പു കാലത്ത് 26.13 കോടി രൂപയുടെ വസ്തുക്കളായിരുന്നു കേരളത്തിൽ നിന്നു പിടികൂടിയിരുന്നത്.
ഏറ്റവും കൂടുതൽ മദ്യം പിടികൂടിയത് അസമിൽ നിന്നാണ്. 41.97 കോടി രൂപയുടെ മദ്യവും 34.41 കോടി രൂപയുടെ ലഹരി വസ്തുക്കളും പിടിച്ചെടുത്തു. ഏറ്റവും കൂടുതൽ ലഹരി പിടികൂടിയത് ബംഗാളിൽ നിന്ന്. 118.83 കോടിരൂപയുടെ ലഹരിവസ്തുക്കൾ കണ്ടെടുത്തു. ഇവിടെ 30.11 കോടി രൂപയുടെ മദ്യവും പിടികൂടി.ഏറ്റവും കുറച്ചു മദ്യവും ലഹരിയും പുതുച്ചേരിയിൽ നിന്ന്. 70 ലക്ഷം രൂപയുടേയും 25 ലക്ഷം രൂപയുടേതും.
ഏറ്റവും കൂടുതൽ പണം കിട്ടിയത് തമിഴ്നാട്ടിൽ നിന്നാണ്. 236.69 കോടി രൂപ.വോട്ടർമാരെ സ്വാധീനിക്കാൻ കൊണ്ടുവന്ന 25.64 കോടി രൂപയുടെ സമ്മാനങ്ങളും 176.46 രൂപയുടെ സ്വർണമടക്കമുള്ള ലോഹങ്ങളും പിടികൂടി.
English Summary: Rs 1000 crores seized from different constituencies in poll bound states