മഹാരാഷ്ട്രയിൽ ലക്ഷത്തോളം കൗമാരക്കാർക്ക് കോവിഡ്
Mail This Article
മുംബൈ ∙ മഹാരാഷ്ട്രയിൽ കുട്ടികളിലും കൗമാരപ്രായക്കാരിലും കോവിഡ് വർധിക്കുന്നു. 2 മാസത്തിനുള്ളിൽ സംസ്ഥാനത്ത് കോവിഡ് ബാധിച്ചത് 99,022 കൗമാരക്കാർക്ക്.
10 വയസ്സ് വരെയുള്ള 38,265 കുട്ടികൾക്കും കോവിഡ് സ്ഥിരീകരിച്ചു. മഹാരാഷ്ട്രയിൽ ഇന്നലെ 67,123 കോവിഡ് കേസുകളാണു റിപ്പോർട്ടു ചെയ്തത്. 419 പേർ മരിച്ചു.
കർണാടകയിലേക്ക് കൈക്കൂലി
ബെംഗളൂരു ∙ കർണാടകയിൽ പ്രവേശിക്കാൻ ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയതിനു പിന്നാലെ കേരളത്തിൽ നിന്നെത്തുന്നവരോട് കേരള– കർണാടക അതിർത്തി ചെക്പോസ്റ്റുകളിൽ പൊലീസ് കൈക്കൂലി ആവശ്യപ്പെടുന്നതായും പരാതി. രേഖകളെല്ലാം ഉണ്ടായിട്ടും കർഫ്യൂ ചൂണ്ടിക്കാട്ടിയാണ് പൊലീസ് പണം ആവശ്യപ്പെടുന്നത്.
പരീക്ഷ മാറ്റി; കോവിഡ് സീൽ വീണ്ടും
ബാംഗ്ലൂർ സർവകലാശാല എല്ലാ ബിരുദ, ബിരുദാനന്തര, എൻജിനീയറിങ് പരീക്ഷകളും അനിശ്ചിത കാലത്തേക്കു മാറ്റിവച്ചു. നാളെ തുടങ്ങാനിരുന്നതാണ്. ക്വാറന്റീൻ ലംഘിക്കാതിരിക്കാൻ ബെംഗളൂരുവിൽ കോവിഡ് ബാധിതരുടെ കൈകളിൽ മുദ്ര പതിപ്പിക്കും. തിരഞ്ഞെടുപ്പിന് ഉപയോഗിക്കുന്നതിനു സമാനമായ, പെട്ടെന്നു മായ്ച്ചു കളയാൻ കഴിയാത്ത മഷി ഉപയോഗിച്ച് ഇടതു കയ്യിലാണു മുദ്ര പതിപ്പിക്കുക.
സാങ്കേതിക സർവകലാശാലയിൽ സന്ദർശക നിയന്ത്രണം
തിരുവനന്തപുരം∙കോവിഡ് വ്യാപന സാഹചര്യത്തിൽ സാങ്കേതിക സർവകലാശാലയിൽ സന്ദർശകർക്കു കർശന നിയന്ത്രണം ഏർപ്പെടുത്തി. വിദ്യാർഥികൾക്കു മുൻകൂർ അനുമതിയോടെ മാത്രമേ പ്രവേശനം അനുവദിക്കൂ. അനുമതി ആവശ്യപ്പെടുന്ന ഇമെയിൽ 2 ദിവസം മുൻപ് pro@ktu.edu.in ലേക്ക് അയയ്ക്കണം. വിദ്യാർഥികൾക്ക് 0471-785699 എന്ന നമ്പറിൽ ബന്ധപ്പെടാം.