കൂടുതൽ ഓക്സിജൻ പ്ലാന്റുകൾ, വാക്സീൻ ഉൽപാദനം കൂട്ടും
Mail This Article
ന്യൂഡൽഹി ∙ ആശുപത്രികളിൽ കോവിഡ് രോഗികൾക്ക് ആവശ്യമായ കിടക്കകൾ ലഭ്യമാക്കാൻ എല്ലാ ശ്രമവും നടത്തുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അറിയിച്ചു. കോവിഡിന്റെ രണ്ടാം വരവിനെ നേരിടാനുള്ള സജ്ജീകരണങ്ങൾ വിലയിരുത്തുകയായിരുന്നു അദ്ദേഹം. ടെസ്റ്റുകൾ വർധിപ്പിച്ച് രോഗബാധ വേഗം കണ്ടെത്തി ചികിത്സിക്കുകയാണ് പ്രധാനമെന്ന് പ്രധാനമന്ത്രി പറഞ്ഞു.
പ്രാദേശിക ഭരണകൂടങ്ങൾ ജനങ്ങളുടെ താൽപര്യം അറിഞ്ഞ് കൂടുതൽ സജീവമായി പ്രവർത്തിക്കണം. മരുന്നുകൾ, വെന്റിലേറ്റർ, ഓക്സിജൻ എന്നിവയുടെ ലഭ്യത വാക്സിനേഷൻ യജ്ഞത്തിന്റെ പുരോഗതി എന്നിവ യോഗം വിലയിരുത്തി. കൂടുതൽ ഓക്സിജൻ പ്ലാന്റുകൾ ആരംഭിക്കുന്നതിനു നടപടികൾ ത്വരിതപ്പെടുത്താൻ നിർദേശിച്ചു. രാജ്യത്തിന്റെ എല്ലാ വിഭവശേഷിയും വിനിയോഗിച്ച് വാക്സീൻ നിർമാണം വർധിപ്പിക്കാനും അദ്ദേഹം നിർദേശിച്ചു. മഹാമാരിയെ നേരിടാൻ കേന്ദ്രവും സംസ്ഥാനങ്ങളും കൂടുതൽ സഹകരിച്ചു പ്രവർത്തിക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞു. രോഗവ്യാപനം സംബന്ധിച്ച വിവരങ്ങൾ അപ്പപ്പോൾ നൽകാൻ സംവിധാനമുണ്ടാക്കിയിട്ടുണ്ടെന്നും സംസ്ഥാനങ്ങൾ ആ സൗകര്യം പ്രയോജനപ്പെടുത്തണമെന്നും പ്രധാനമന്ത്രി പറഞ്ഞു.