ADVERTISEMENT

ന്യൂഡൽഹി ∙ കോവിഡ് പ്രതിരോധ നടപടികൾ സംബന്ധിച്ചു സുപ്രീം കോടതി സ്വമേധായായെടുത്ത കേസിലെ അമിക്കസ് ക്യൂറി ഹരീഷ് സാൽവെ പിന്മാറി. ഇപ്പോൾ വിദേശത്തുള്ള സാൽവെയെ അമിക്കസ് ക്യൂറിയാക്കുന്നത് അദ്ദേഹം കേന്ദ്ര സർക്കാരിന്റെ അടുപ്പക്കാരനായതുകൊണ്ടെന്നു വിമർശനയമുർന്നിരുന്നു. തനിക്കെതിരെ ഉന്നയിക്കപ്പെട്ട ആരോപണങ്ങളുടെ നിഴലിൽനിന്നുകൊണ്ട് ചുമതലയിൽ തുടരാൻ താൽപര്യമില്ലെന്നു സാൽവെ അറിയിച്ചു.

ചുമതലയൊഴിയാൻ സാൽവെയെ അനുവദിച്ച കോടതി, കേസ് ഈ മാസം 27നു പരിഗണിക്കാൻ മാറ്റി. 

കോവിഡുമായി ബന്ധപ്പെട്ടു വിവിധ ഹൈക്കോടതികളിലുള്ള കേസുകളെല്ലാം സുപ്രീം കോടതിയിലേക്കു മാറ്റുന്നുവെന്ന മുതിർന്ന അഭിഭാഷകരുടെ വ്യാഖ്യാനം അടിസ്ഥാനമില്ലാത്തതെന്നു ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്ഡെ അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. ഹൈക്കോടതികൾ കേസുകൾ പരിഗണിക്കുന്നതു തടഞ്ഞിട്ടില്ലെന്നും കഴിഞ്ഞ ദിവസത്തെ ഉത്തരവു വായിക്കാതെയാണു മുതിർന്ന അഭിഭാഷകർ വിമർശിച്ചതെന്നും കോടതി പറഞ്ഞു.

രാജ്യത്ത് ആരോഗ്യ അടിയന്തരാവസ്ഥയുണ്ടെന്നും ഓക്സിജൻ, അവശ്യമരുന്നുകൾ, വാക്സീൻ എന്നിവയുടെ വിതരണത്തിന് ദേശീയ പദ്ധതി കേന്ദ്രം തയാറാക്കണമെന്നും കഴിഞ്ഞ ദിവസം കോടതി വ്യക്തമാക്കിയിരുന്നു. ചില ഹൈക്കോടതികളുടെ ഉത്തരവുകൾ സേവനലഭ്യതയിൽ ഏറ്റക്കുറച്ചിലിനു കാരണമാകുന്നുവെന്നു കോടതി വിമർശിച്ചു. അവശ്യസേവനങ്ങളുടെയും ലോക്‌ഡൗണിന്റെയും കാര്യത്തിൽ സുപ്രീം കോടതി പൊതു ഉത്തരവു നൽകാതിരിക്കണമെങ്കിൽ കാരണം പറയാൻ കേന്ദ്രത്തോടും സംസ്ഥാനങ്ങളോടും നിർദേശിച്ചു.

ഹൈക്കോടതികളുടെ നടപടികളോടു വിയോജിച്ചതും പൊതു ഉത്തരവ് നൽകാൻ താൽപര്യം വ്യക്തമാക്കിയതുമാണ് ഹൈക്കോടതികളുടെ ഇടപെടൽ തടയാനുള്ള സുപ്രീം കോടതി നീക്കമായിക്കണ്ട് ദുഷ്യന്ത് ദവെ ഉൾപ്പെടെ മുതിർന്ന അഭിഭാഷകർ വിമർശിച്ചത്.

അഭിഭാഷകർ തമ്മിൽ തർക്കം; മൈക്ക് ഓഫാക്കുമെന്ന് കോടതി

ഹൈക്കോടതികൾക്കു നടപടികൾ തുടരാമെന്നുണ്ടെങ്കിൽ അത് ഉത്തരവിൽ വ്യക്തമാക്കുന്നതാണ് സുപ്രീം കോടതിയുടെ രീതിയെന്നും അങ്ങനെ ചെയ്യാത്തതാണ് വിമർശനത്തിനു വഴിവച്ചതെന്നും ദുഷ്യന്ത് ദവെ വിശദീകരിച്ചു. ഊഹങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു വിമർശനമെന്നു സോളിസിറ്റർ ജനറൽ (എസ്ജി) തുഷാർ മേത്ത കുറ്റപ്പെടുത്തി. അതു പറയാൻ ഊഹങ്ങളുടെ അടിസ്ഥാനത്തിൽ സർക്കാരിനെ ന്യായീകരിക്കുന്ന എസ്ജിക്കു യോഗ്യതയില്ലെന്നു സുപ്രീം കോടതി ബാർ അസോസിയേഷൻ പ്രസിഡന്റ് വികാസ് സിങ് തിരിച്ചടിച്ചു. അഭിഭാഷകരുടെ തർക്കം മൂത്തപ്പോൾ, മൈക്ക് ഓഫ് ചെയ്യാൻ നിർദേശിക്കേണ്ടിവരുമെന്നു ചീഫ് ജസ്റ്റിസ് പറഞ്ഞു.

Content Highlights: Harish Salve recuses himself as Amicus

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com