വിമർശനവുമായി രാഹുൽ വിരുദ്ധ നേതാക്കൾ; തോൽവി ഗൗരവമെന്ന് കപിൽ സിബൽ
Mail This Article
ന്യൂഡൽഹി ∙ കേരളം, ബംഗാൾ, അസം എന്നിവിടങ്ങളിലെ തിരഞ്ഞെടുപ്പ് തോൽവികൾ കോൺഗ്രസ് ഗൗരവമായി പരിശോധിക്കണമെന്നു മുതിർന്ന നേതാവ് കപിൽ സിബൽ ആവശ്യപ്പെട്ടു. പാർട്ടിയെ പരസ്യമായി വിമർശിക്കാൻ തയാറായില്ലെങ്കിലും പറയേണ്ട കാര്യങ്ങൾ ഉചിതമായ വേദിയിൽ ഉന്നയിക്കുമെന്നു സിബൽ വ്യക്തമാക്കി.
കേരളത്തിലെയും അസമിലെയും തോൽവികൾക്കു പുറമേ ബംഗാളിൽ ഒരു സീറ്റ് പോലും നേടാൻ കോൺഗ്രസിനായില്ലെന്ന് അദ്ദേഹം പറഞ്ഞു. രാഹുൽ ഗാന്ധി ഉൾപ്പെട്ട കോൺഗ്രസ് നേതൃനിരയുടെ പ്രവർത്തനരീതിക്കെതിരെ മുൻപ് രംഗത്തുവന്ന 23 നേതാക്കളിലൊരാളാണു സിബൽ.
തിരഞ്ഞെടുപ്പ് തോൽവികൾ പാർട്ടി ദേശീയ നേതൃത്വം ചർച്ചയ്ക്കെടുത്തിട്ടില്ല. സംസ്ഥാനങ്ങളുടെ ചുമതലയുള്ള ദേശീയ ജനറൽ സെക്രട്ടറിമാരോട് തിരഞ്ഞെടുപ്പ് പ്രകടനത്തെക്കുറിച്ചുള്ള റിപ്പോർട്ട് സമർപ്പിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. അതു ലഭിച്ച ശേഷമായിരിക്കും ചർച്ച. ചർച്ച നീണ്ടുപോകുന്നതിൽ സിബ-ൽ ഉൾപ്പെടെ ഒരു വിഭാഗം ദേശീയ നേതാക്കൾക്ക് അതൃപ്തിയുണ്ട്.
ബംഗാളിൽ മമത ബാനർജിയെ പിന്തുണയ്ക്കാതെ, അവർക്കെതിരെ മത്സരിക്കാനുള്ള കോൺഗ്രസ് തീരുമാനത്തിനെതിരെയും പാർട്ടിക്കുള്ളിൽ ചോദ്യങ്ങളുയരുന്നു. ബിജെപി വിരുദ്ധ വോട്ടുകൾ ഭിന്നിക്കാൻ സാഹചര്യമൊരുക്കും വിധം മൂന്നാം മുന്നണിയുണ്ടാക്കിയത് രാഷ്ട്രീയ അബദ്ധമായെന്നാണു വാദം.
മമത രാജ്യത്തിന്റെ നേതാവായി മാറിയതായി മധ്യപ്രദേശ് മുൻ മുഖ്യമന്ത്രി കമൽനാഥ് പറഞ്ഞു. 2024 ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ പ്രതിപക്ഷത്തിന്റെ മുഖമായി മമതയെ അവതരിപ്പിക്കുമോ എന്ന ചോദ്യത്തിന്, ആരു നേതാവാകണമെന്ന കാര്യം യുപിഎ തീരുമാനിക്കുമെന്ന് അദ്ദേഹം മറുപടി നൽകി.
കോൺഗ്രസ് നേതൃത്വത്തിന്റെ പ്രവർത്തനരീതിക്കെതിരായ അമർഷം പാർട്ടിക്കുള്ളിൽ വീണ്ടും പുകയുന്നതിന്റെ സൂചന കൂടിയാണു മുതിർന്ന നേതാക്കളുടെ വാക്കുകൾ. പുതിയ കോൺഗ്രസ് പ്രസിഡന്റിനെ കണ്ടെത്താൻ അടുത്ത മാസം അവസാനം സംഘടനാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ, നിലവിലെ രീതിയിൽ പാർട്ടിക്കു മുന്നോട്ടു പോകാനാവില്ലെന്നു നേതാക്കൾ ചൂണ്ടിക്കാട്ടുന്നു.
രാഹുൽ വീണ്ടും പ്രസിഡന്റാകുന്നതിനോടുള്ള അതൃപ്തിയും അദ്ദേഹത്തിന്റെ നേതൃരീതിയിലുള്ള അവിശ്വാസവുമാണ് അവർ ഇതിലൂടെ പങ്കുവയ്ക്കുന്നത്. പ്രസിഡന്റാകാൻ രാഹുൽ മുന്നിട്ടിറങ്ങിയാൽ, സംഘടനാ തിരഞ്ഞെടുപ്പിൽ അദ്ദേഹത്തിനെതിരെ സ്ഥാനാർഥിയെ രംഗത്തിറക്കാൻ ഈ നേതാക്കൾ മടിച്ചേക്കില്ലെന്ന അഭ്യൂഹത്തിനു ശക്തിപകരുന്നതാണു കോൺഗ്രസിൽ നടക്കുന്ന അണിയറ നീക്കങ്ങൾ.
കേരളത്തിലെ നേതൃമാറ്റം: പരിശോധനയ്ക്ക് സമിതി
ന്യൂഡൽഹി ∙ തിരഞ്ഞെടുപ്പ് തോൽവിക്കു പിന്നാലെ സംസ്ഥാന കോൺഗ്രസിൽ നേതൃമാറ്റം നടപ്പാക്കേണ്ടതുണ്ടോയെന്നു പരിശോധിക്കാൻ മുതിർന്ന എംപിമാരായ മല്ലികാർജുൻ ഖർഗെ, വി. വൈത്തിലിംഗം എന്നിവരെ പാർട്ടി ഹൈക്കമാൻഡ് നിയോഗിച്ചു. ഇരുവരും അടുത്തയാഴ്ച കേരളത്തിലെത്തിയേക്കും. ലോക്ഡൗൺ പ്രഖ്യാപിച്ചതോടെ, സംസ്ഥാന നേതാക്കളുമായുള്ള കൂടിക്കാഴ്ച ഓൺലൈൻ വഴിയാക്കുന്നതും പരിഗണനയിലുണ്ട്.
തിരഞ്ഞെടുപ്പിലെ ദയനീയ തോൽവിയുടെ ധാർമിക ഉത്തരവാദിത്തം ഏറ്റെടുത്ത് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എന്നിവർ സ്ഥാനമൊഴിയണമെന്നു പാർട്ടിയിൽ ഒരു വിഭാഗത്തിൽ നിന്ന് ആവശ്യമുയർന്നിട്ടുണ്ട്. എംഎൽഎമാരുമായും ഇരുവരും കൂടിക്കാഴ്ച നടത്തും.