അസം മുഖ്യമന്ത്രി: തീരുമാനം ഇന്ന്
Mail This Article
ന്യൂഡൽഹി ∙ അസമിലെ മുഖ്യമന്ത്രി പദത്തെച്ചൊല്ലി സർബാനന്ദ സോനോവാളും ഹിമന്ത ബിശ്വ ശർമയുമായുള്ള തർക്കം പരിഹരിക്കാൻ ബിജെപി കേന്ദ്ര നേതൃത്വത്തിനു കഴിഞ്ഞില്ല. മുഖ്യമന്ത്രിയെ ഇന്ന് നിയമസഭാകക്ഷി യോഗത്തിൽ തീരുമാനിക്കുമെന്ന് ദേശീയ നേതൃത്വവുമായുള്ള ചർച്ചയ്ക്കുശേഷം ഹിമന്ത പറഞ്ഞു.
പാർട്ടി അധ്യക്ഷൻ ജെ.പി. നഡ്ഡ, ആഭ്യന്തര മന്ത്രി അമിത് ഷാ, പാർട്ടി സംഘടനാകാര്യ ജനറൽ സെക്രട്ടറി ബി.എൽ.സന്തോഷ് എന്നിവരുമായി നിലവിലെ മുഖ്യമന്ത്രി സോനോവാളും ധനമന്ത്രി ഹിമന്തയും തനിച്ചും ഒരുമിച്ചും ചർച്ച നടത്തി. സോനോവാൾ തന്നെ മുഖ്യമന്ത്രി, ഹിമന്ത ഉപമുഖ്യമന്ത്രി എന്നു തീരുമാനിപ്പിച്ച് തർക്കം അവസാനിപ്പിക്കാനാണു കേന്ദ്ര നേതൃത്വം ശ്രമിക്കുന്നത്.
60 എംഎൽഎമാരിൽ 40 പേർ തന്നെ പിന്തുണയ്ക്കുന്നുവെന്നാണ് അമിത് ഷായുടെ വിശ്വസ്തനായ ഹിമന്ത അവകാശപ്പെടുന്നത്. എന്നാൽ, പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആർഎസ്എസും മന്ത്രിമാരായ രാജ്നാഥ് സിങ്ങും നിതിൻ ഗഡ്കരിയും മറ്റും സോനോവാളിനെ പിന്തുണയ്ക്കുന്നു.
2015 ലാണ് കോൺഗ്രസിൽനിന്ന് ഹിമന്ത ബിജെപിയിലെത്തിയത്. കോൺഗ്രസ് പശ്ചാത്തലമാണ് ആർഎസ്എസും പ്രധാനമന്ത്രിയും ഹിമന്തയ്ക്കു പറയുന്ന പ്രധാന പോരായ്മ. തർക്കം മുന്നിൽക്കണ്ട് ഹിമന്തയെ കേന്ദ്ര മന്ത്രിസഭയിൽ ഉൾപ്പെടുത്താൻ നേരത്തെ നീക്കമുണ്ടായിരുന്നു. എന്നാൽ, വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ പൊതുവിൽ പാർട്ടിയുടെ വളർച്ചയ്ക്കു ചുക്കാൻ പിടിക്കുന്നതു താനാണെന്നാണ് ഹിമന്തയുടെ വാദം.
English Summary: Assam CM, decision pending in BJP