കോൺഗ്രസ് തോൽവി: അശോക് ചവാൻ സമിതി പരിശോധിക്കും
Mail This Article
ന്യൂഡൽഹി ∙ കേരളമടക്കമുള്ള സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പു തോൽവിയുടെ കാരണങ്ങൾ പരിശോധിക്കാൻ കോൺഗ്രസ് ദേശീയ നേതൃത്വം രൂപം നൽകിയ അഞ്ചംഗ സമിതിക്ക് മഹാരാഷ്ട്ര മന്ത്രി അശോക് ചവാൻ നേതൃത്വം നൽകും.
മുതിർന്ന നേതാവ് സൽമാൻ ഖുർഷിദ്, എംപിമാരായ മനീഷ് തിവാരി, വിൻസന്റ് എച്ച്. പാല, ജ്യോതിമണി എന്നിവരാണ് അംഗങ്ങൾ. സംസ്ഥാന നേതാക്കളുമായും തിരഞ്ഞെടുപ്പിൽ മത്സരിച്ച സ്ഥാനാർഥികളുമായും ഇവർ കൂടിക്കാഴ്ച നടത്തും.
കേരളത്തിനു പുറമേ ബംഗാൾ, അസം, തമിഴ്നാട്, പുതുച്ചേരി എന്നിവിടങ്ങളും സന്ദർശിക്കും. തോൽവിയുടെ കാരണങ്ങൾ വിശദീകരിക്കുന്ന റിപ്പോർട്ട് രണ്ടാഴ്ചയ്ക്കകം ദേശീയ നേതൃത്വത്തിനു കൈമാറും. സംസ്ഥാന നേതൃത്വത്തിലും സംഘടനാതലത്തിലും അഴിച്ചുപണികൾ നടത്തേണ്ടതുണ്ടെങ്കിൽ അക്കാര്യവും റിപ്പോർട്ടിൽ ഉൾപ്പെടുത്തുമെന്നു പാർട്ടി വൃത്തങ്ങൾ പറഞ്ഞു. കോൺഗ്രസ് പ്രസിഡന്റ് സോണിയ ഗാന്ധിയുടെ അധ്യക്ഷതയിൽ ചേരുന്ന പ്രവർത്തക സമിതി യോഗം റിപ്പോർട്ട് പരിശോധിച്ച് തുടർ നടപടികൾ സ്വീകരിക്കും.