ജസ്റ്റിസ് അരുൺ മിശ്ര ദേശീയ മനുഷ്യാവകാശ കമ്മിഷൻ അധ്യക്ഷനാകും
Mail This Article
ന്യൂഡൽഹി ∙ സുപ്രീം കോടതിയിൽ നിന്നു വിരമിച്ച ജസ്റ്റിസ് അരുൺ മിശ്ര ദേശീയ മനുഷ്യാവകാശ കമ്മിഷൻ അധ്യക്ഷനാകും. പുതിയ അധ്യക്ഷനെ തിരഞ്ഞെടുക്കാൻ ചേർന്ന യോഗത്തിൽ ജസ്റ്റിസ് അരുൺ മിശ്രയുടെ പേര് കേന്ദ്ര സർക്കാർ നിർദേശിച്ചു. ദലിത്, ആദിവാസി വിഭാഗത്തിൽ നിന്നോ ന്യൂനപക്ഷ വിഭാഗത്തിൽ നിന്നോ ഉള്ള ആളെ കമ്മിഷൻ അധ്യക്ഷനാക്കണമെന്നു മുതിർന്ന കോൺഗ്രസ് നേതാവും രാജ്യസഭയിലെ പ്രതിപക്ഷ നേതാവുമായ മല്ലികാർജുൻ ഖർഗെ ആവശ്യപ്പെട്ടെങ്കിലും സമിതി അംഗീകരിച്ചില്ല.
പുതിയ അധ്യക്ഷനെ തിരഞ്ഞെടുക്കുന്നതിനുള്ള സമിതി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ കഴിഞ്ഞദിവസം യോഗം ചേർന്നിരുന്നു. പ്രതിപക്ഷ നേതാവിനു പുറമേ, ആഭ്യന്തര മന്ത്രി അമിത് ഷാ, ലോക്സഭാ സ്പീക്കർ ഓം ബിർല, രാജ്യസഭാ ഉപാധ്യക്ഷൻ ഹരിവംശ് എന്നിവരായിരുന്നു സമിതിയിൽ. ഖർഗെ ഒഴികെയുള്ളവർ അരുൺ മിശ്രയെ അധ്യക്ഷനാക്കണമെന്ന ശുപാർശ അംഗീകരിച്ചു. ഖർഗെ വിയോജിപ്പ് രേഖപ്പെടുത്തി.