പുതുച്ചേരിയിൽ താൽക്കാലിക വെടിനിർത്തൽ; മന്ത്രിസഭ ഉടൻ
Mail This Article
ചെന്നൈ ∙ എൻആർ കോൺഗ്രസും സഖ്യകക്ഷിയായ ബിജെപിയും തമ്മിലുള്ള തർക്കങ്ങൾ താൽക്കാലികമായി അവസാനിച്ചതോടെ, പുതുച്ചേരിയിൽ മന്ത്രിസഭാ രൂപീകരണത്തിനു തുടക്കമാകുന്നു. തിരഞ്ഞെടുപ്പ് ഫലം വന്ന് ഒരു മാസമായിട്ടും അനിശ്ചിതത്വം തുടർന്നപ്പോഴാണ് ഒത്തുതീർപ്പ് ഫോർമുലയ്ക്കു ബിജെപി വഴങ്ങിയത്. ഇതനുസരിച്ച് പാർട്ടിക്കു 2 മന്ത്രി സ്ഥാനവും സ്പീക്കർ പദവിയും ലഭിക്കും. ബിജെപി ജന. സെക്രട്ടറി എംബളം ആർ.സെൽവം സ്പീക്കറായേക്കും.
7 മന്ത്രി സ്ഥാനങ്ങളിൽ അഞ്ചും പുതുച്ചേരിയിൽ ഇതുവരെ പതിവില്ലാത്ത ഉപമുഖ്യമന്ത്രി സ്ഥാനവും എന്ന ബിജെപി ആവശ്യം എൻആർ കോൺഗ്രസ് നേതാവും മുഖ്യമന്ത്രിയുമായ വി.രംഗസ്വാമി തള്ളിയതോടെയായിരുന്നു തർക്കം. ഇപ്പോൾ വെടിനിർത്തിയെങ്കിലും 2 സ്വതന്ത്രരുടെ പിന്തുണ കൂടി നേടി ഭരണം പിടിക്കാനുള്ള ചരടുവലികൾ ബിജെപി സജീവമാക്കുന്നതായും അഭ്യൂഹമുണ്ട്.
English Summary: Tussle over Puducherry cabinet structure ends