ചോക്സി: റാഞ്ചൽ ആരോപണം ആന്റിഗ്വ സർക്കാർ അന്വേഷിക്കും
Mail This Article
ന്യൂഡൽഹി ∙ ഡോമിനിക്കയിലേക്ക് തന്നെ റാഞ്ചിക്കൊണ്ടുപോയതാണെന്ന ബാങ്ക് വായ്പ തട്ടിപ്പു കേസ് പ്രതി മെഹുൽ ചോക്സിയുടെ പരാതിയിൽ ആന്റിഗ്വ സർക്കാർ അന്വേഷണം തുടങ്ങി. തട്ടിക്കൊണ്ടുപോയവരുടെ പേരുകൾ ചോക്സിയുടെ അഭിഭാഷകർ കൈമാറിയതായും പരാതി സത്യമാണെങ്കിൽ വിഷയം വളരെ ഗൗരവമുള്ളതാണെന്നും ആന്റിഗ്വൻ പ്രധാനമന്ത്രി ഗാസ്റ്റൻ ബ്രൗൺ വ്യക്തമാക്കി.
ആന്റിഗ്വയിലെ ജോളി ഹാർബറിൽ കാമുകിയുമായി കറങ്ങാൻ പോയപ്പോഴാണു പിടികൂടിയതെന്ന് ആന്റിഗ്വൻ പ്രധാനമന്ത്രി നേരത്തെ പറഞ്ഞത്. എന്നാൽ കാമുകിയായി വന്നത് തട്ടിക്കൊണ്ടുപോകാൻ നിയോഗിക്കപ്പെട്ട സംഘത്തിലെ അംഗമായിരുന്നു എന്നാണ് ചോക്സിയുടെ ആരോപണം.
സഹോദരീ പുത്രൻ നീരവ് മോദിയുമായി ചേർന്നു പഞ്ചാബ് നാഷനൽ ബാങ്കിൽനിന്നു 13,500 കോടി രൂപയുടെ വായ്പത്തട്ടിപ്പു നടത്തിയ കേസിലെ പ്രതിയാണ് വജ്രവ്യാപാരിയായ ചോക്സി. ചോക്‌സി 2018 മുതൽ ആന്റിഗ്വയിലാണ് കഴിയുന്നത്.
അതേസമയം, ചോക്സിയെ മേയ് 23ന് രാത്രി 10 മണിക്ക് ബോട്ടിൽ സമീപരാജ്യമായ ഡൊമിനിക്കയിൽ എത്തിച്ചുവെന്ന വാദവും ചോദ്യംചെയ്യപ്പെടുകയാണ്. കസ്റ്റംസ് രേഖകൾ അനുസരിച്ച് രാവിലെ 10ന് ആണ് ബോട്ടിൽ യാത്ര തുടങ്ങിയത്. എന്നാൽ, വൈകിട്ട് 5 വരെ ചോക്സി വീട്ടിലുണ്ടായിരുന്നു എന്നാണ് കുടുംബാംഗങ്ങളും ജീവനക്കാരും പറയുന്നത്.
ഡൊമിനിക്കൻ കോടതിയിൽനിന്ന് ചോക്സിയെ വിട്ടുകിട്ടണമെന്ന ഹർജിയിൽ അനുകൂല വിധി ലഭിച്ചാൽ ഇന്ത്യയിൽ എത്തിക്കാൻ സിബിഐ, ഇഡി സംഘം കഴിഞ്ഞയാഴ്ച പ്രത്യേക വിമാനത്തിൽ പോയിരുന്നു. എന്നാൽ കേസ് ഡോമിനിക്കൻ ഹൈക്കോടതി ഒരുമാസത്തേക്ക് നീട്ടിവച്ചു. ഇപ്പോൾ ഡൊമിനിക്കയിൽ ജുഡീഷ്യൽ കസ്റ്റഡിയിലാണ് ചോക്സി.
English Summary: Antigua government investigating Choksi complaint