അസം പശുസംരക്ഷണ നിയമം: എൻഡിഎയിലും എതിർപ്പ്
Mail This Article
ന്യൂഡൽഹി ∙ അസമിൽ പശുസംരക്ഷണ നിയമം കൊണ്ടുവരുന്നതിനോട് മിസോറം, മേഘാലയ, നാഗാലാൻഡ് തുടങ്ങിയ സംസ്ഥാനങ്ങളിലെ എൻഡിഎ ഘടകകക്ഷികളായ പാർട്ടികൾ എതിർപ്പ് പ്രകടിപ്പിച്ചു. ഈ സംസ്ഥാനങ്ങളിൽ ബീഫ് കിട്ടാത്ത അവസ്ഥയുണ്ടാകുമെന്നാണ് ആശങ്ക. മിസോറമും നാഗാലാൻഡും പ്രതികരിച്ചില്ലെങ്കിലും മേഘാലയ മുഖ്യമന്ത്രി കൊൺറാഡ് സാങ്മ ആശങ്ക പ്രകടിപ്പിച്ചു കഴിഞ്ഞു.
അസമിന് നിയമം പാസാക്കാൻ സ്വാതന്ത്ര്യമുണ്ടെങ്കിലും മേഘാലയയിൽ ബീഫ് കിട്ടാതിരുന്നാൽ കേന്ദ്രസർക്കാരിനെ സമീപിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
മേഘാലയയിലേക്ക് ബീഫ് വരുന്നത് യുപി, ബംഗാൾ, ആന്ധ്ര, തെലങ്കാന തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്ന് അസം വഴിയാണ്. അസമിലെ പുതിയ നിയമം സംസ്ഥാനത്തുകൂടി കന്നുകാലികളെ കശാപ്പു ചെയ്യാൻ കൊണ്ടുപോകുന്നതും അനുവദിക്കുന്നില്ല.
നാഗാലാൻഡ് ഭരിക്കുന്ന മുഖ്യകക്ഷിയായ നാഷനലിസ്റ്റ് ഡെമോക്രാറ്റിക് പ്രോഗ്രസീവ് പാർട്ടി, മിസോറമിലെ മിസോ നാഷനൽ ഫ്രണ്ട്, സാങ്മയുടെ നാഷനൽ പീപ്പിൾസ് പാർട്ടി എന്നിവ ജെ.പി. നഡ്ഡ അധ്യക്ഷനായ നോർത്ത് ഈസ്റ്റ് എൻഡിഎയിലെ അംഗങ്ങളാണ്. ഈ സംസ്ഥാനങ്ങളിലെ ബിജെപി നേതൃത്വം വിവാദത്തെക്കുറിച്ചു പ്രതികരിച്ചിട്ടില്ല. കോൺഗ്രസും മറ്റു പ്രതിപക്ഷ കക്ഷികളും ബില്ലിനെ എതിർത്തിട്ടുണ്ട്.
ബീഫ് കൈവശം വച്ചാൽ 8 വർഷം വരെ തടവ്
അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വശർമ അവതരിപ്പിച്ച നിയമ പ്രകാരം ബീഫ് കഴിക്കാത്ത മതക്കാർ താമസിക്കുന്ന പ്രദേശങ്ങളിലും ക്ഷേത്രങ്ങളുടെയും വൈഷ്ണവ മഠങ്ങളുടെയും 5 കിലോമീറ്റർ ചുറ്റളവിലും ഇത് വിൽക്കുന്നതും കൈവശം വയ്ക്കുന്നതും കുറ്റമാണ്. 8 വർഷം വരെ തടവും 5 ലക്ഷം രൂപവരെ പിഴയും ലഭിക്കാം.
ചില പ്രത്യേക സന്ദർഭങ്ങളിലും ചില ആരാധനാലയങ്ങൾക്കും പശു, കന്നുകുട്ടി എന്നിവ ഒഴികെയുള്ളവയെ കശാപ്പു ചെയ്യാൻ അനുവാദം നൽകും. ഹിന്ദു, സിഖ്, ജെയിൻ മതക്കാർക്ക് മുൻതൂക്കമുള്ള സ്ഥലങ്ങളുടെ 5 കിലോമീറ്റർ ചുറ്റളവിൽ ബീഫ് വിൽപന അനുവദിക്കില്ല.
English Summary: Assam cow protection bill