ഗിര സാരാഭായിക്ക് അന്ത്യാഞ്ജലി; നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈൻ സഹ സ്ഥാപക
Mail This Article
അഹമ്മദാബാദ് ∙ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈൻ (എൻഐഡി) സഹ സ്ഥാപകയും രാജ്യത്ത് അലങ്കാര രൂപരേഖ വിദ്യാഭ്യാസരംഗം ചിട്ടപ്പെടുത്തുന്നതിൽ മാർഗദർശിയുമായ ഗിര സാരാഭായ് (98) അന്തരിച്ചു. കലയും വാസ്തുവിദ്യയും പഠിപ്പിക്കുന്ന ഒട്ടേറെ സ്ഥാപനങ്ങൾ കെട്ടിപ്പടുക്കുന്നതിൽ നിർണായക പങ്കുവഹിച്ച ഗിര, സഹോദരനായ ഗൗതം സാരാഭായിയുമായി ചേർന്നാണ് അഹമ്മദാബാദിൽ എൻഐഡി സ്ഥാപിച്ചത്. ഇന്ത്യൻ ബഹിരാകാശ പദ്ധതിയുടെ പിതാവായ വിക്രം സാരാഭായ് മറ്റൊരു സഹോദരനാണ്.
പിതാവ് അംബാലാൽ സാരാഭായ് സ്ഥാപിച്ച കാലിക്കോ തുണിമില്ലിന്റെ തുടർച്ചയായി, കുടുംബവീട് ടെക്സ്റ്റൈൽ മ്യൂസിയമാക്കുന്നതിലും മുൻകയ്യെടുത്തു. രാജ്യത്തെ സ്വകാര്യ മ്യൂസിയങ്ങളിൽ പ്രസിദ്ധമാണ് 1949 ൽ ജവാഹർലാൽ നെഹ്റു ഉദ്ഘാടനം ചെയ്ത കാലിക്കോ മ്യൂസിയം.
അംബാലാലിന്റെയും സരളാദേവി സാരാഭായിയുടെയും 8 മക്കളിൽ ഇളയവളായി 1923 ൽ ജനിച്ച ഗിര ഔപചാരിക വിദ്യാഭ്യാസം നേടിയിട്ടില്ല. ചെറുപ്പത്തിൽതന്നെ യുഎസിലേക്കു പോയ ഗിര, അരിസോണയിലെ പ്രസിദ്ധമായ താലിസിൻ വെസ്റ്റ് സ്റ്റുഡിയോയിൽ പ്രശസ്ത വാസ്തു ശിൽപിയും ഡിസൈനറുമായ ഫ്രാങ്ക് ലോയ്ഡ് റൈറ്റിനു കീഴിൽ പരിശീലനം നേടി. 1961ൽ സബർമതി നദീ തീരത്ത് എൻഐഡി എന്ന സ്വപ്നത്തിനു ശിലപാകി.
അഹമ്മദാബാദിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് , ബിഎം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെന്റൽ ഹെൽത്ത്, ഫിസിക്കൽ റിസർച് ലബോറട്ടറി തുടങ്ങിയ സ്ഥാപനങ്ങൾക്കു തുടക്കമിട്ടതും സാരാഭായ് കുടുംബമാണ്.
English Summary: Gira Sarabhai passes away