ADVERTISEMENT

ന്യൂഡൽഹി ∙ 13 സംസ്ഥാനങ്ങൾ ...15 ദിവസം കൊണ്ട് 10,000 കിലോമീറ്റർ..ഡൽഹി പൊലീസ് അരിച്ചുപെറുക്കിയ ഓപ്പറേഷനിൽ ഒടുവിൽ റിവോൾവർ റാണിയും ഇന്ദ്രപ്രസ്ഥത്തെ വിറപ്പിച്ച അധോലോക നേതാവും അറസ്റ്റിൽ.

എകെ 47 ഉൾപ്പെടെയുള്ള തോക്കുകൾ അനായാസം കൈകാര്യം ചെയ്ത് അധോലോക സാമ്രാജ്യമുണ്ടാക്കിയ രാജസ്ഥാൻ സ്വദേശി അനുരാധ ചൗധരി (37), അധോലോക നേതാവ് കാലാ ജതേദി (37) എന്നിവരാണ് പൊലീസിന്റെ സമർഥമായ നീക്കത്തിൽ കുടുങ്ങിയത്. പൊലീസ് പിടികൂടുമ്പോഴും അനുരാധയുടെ കയ്യിൽ കൈത്തോക്കുണ്ടായിരുന്നു.

വെടിവയ്പ്, പണംതട്ടൽ, മോചനദ്രവ്യം ആവശ്യപ്പെട്ടു തട്ടിക്കൊണ്ടുപോകൽ തുടങ്ങി രാജസ്ഥാനിൽ മാത്രം അനുരാധയ്ക്കെതിരെ 12 ക്രിമിനൽ കേസുകളുണ്ട്. രാജസ്ഥാനിലെ ഗുണ്ടാനേതാവ് അനന്തപാൽസിങ്ങിന്റെ സംഘത്തിൽ അംഗമായിരുന്നു അനുരാധ.സിങ് പിന്നീട് പൊലീസ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടതോടെ സന്ദീപ് എന്നറിയപ്പെടുന്ന കാലാ ജതേദിക്കൊപ്പം ചേരുകയായിരുന്നു.

ഗുസ്തി താരം സുശീൽകുമാർ ഉൾപ്പെട്ട കൊലപാതകക്കേസിൽ പൊലീസ് അന്വേഷിക്കുന്ന വ്യക്തിയാണ് കാലാ ജതേദി. യമുനാനഗർ ദേശീയ പാതയിൽ ഷഹരൻപുരയിലെ ധാബയിൽ നിന്നായിരുന്നു അറസ്റ്റ്.താടി നീട്ടിവളർത്തി സിഖ് വേഷത്തിലായിരുന്നു കാലാ ജതേദി.15 ദിവസമായി ഡൽഹി പൊലീസിന്റെ സ്പെഷൽ സെല്ലും ക്രൈംബ്രാ‍ഞ്ചും 30 അംഗ സ്ക്വാഡിനെ വിവിധ കേന്ദ്രങ്ങളിൽ ഇവരെ പിടികൂടാൻ വിന്യസിച്ചിരിക്കുകയായിരുന്നു.

കാലാ ജതേദിയുടെ തലയ്ക്ക് പൊലീസ് 6 ലക്ഷമാണ് വിലയിട്ടിരുന്നത്. ലോറൻസ് ബിഷ്ണോയ്, സുബെ ഗുജ്ജാർ തുടങ്ങി ജയിലിൽ കിടക്കുന്ന ഗുണ്ടാനേതാക്കളുടെ ക്വട്ടേഷനുകളും കൊലപാതകങ്ങളും നടത്തിക്കൊടുക്കുന്നത് കാലയുടെ നേതൃത്വത്തിലാണ്. കഴിഞ്ഞ വർഷം ജയിലിലേക്ക് കൊണ്ടുപോകും വഴി ഹരിയാന പൊലീസിനെ ആക്രമിച്ച് കാലായെ രക്ഷപ്പെടുത്തിയിരുന്നു. തുടർന്ന് അനുരാധയ്ക്കൊപ്പം പലയിടങ്ങളിലായി താവളം മാറി കഴിയുകയായിരുന്നു.

English Summary: Anuradha Chaudhary, known as 'Lady Don' and 'Revolver Rani', held with Kala Jathedi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com