മോദി, ജയ്റ്റ്ലി സ്റ്റേഡിയങ്ങളുടെ പേരും മാറ്റണം: ‘ഖേൽരത്ന’ സ്വാഗതം ചെയ്ത് കോൺഗ്രസ്
Mail This Article
ന്യൂഡൽഹി ∙ ഖേൽരത്ന പുരസ്കാരത്തിന്റെ പേര് ‘മേജർ ധ്യാൻചന്ദ് ഖേൽരത്ന പുരസ്കാരം’ എന്നാക്കിയ കേന്ദ്രസർക്കാർ തീരുമാനത്തെ കോൺഗ്രസ് സ്വാഗതം ചെയ്തു. അതേസമയം പ്രധാനമന്ത്രി നരേന്ദ്ര മോദി കായികരംഗത്ത് ദീർഘവീക്ഷണമില്ലാത്ത രാഷ്ട്രീയം പയറ്റുന്നതായും ആരോപിച്ചു.
മോദിയുടെയും മുൻകേന്ദ്രമന്ത്രി അരുൺ ജയ്റ്റ്‍ലിയുടെയും പേരിലുള്ള സ്റ്റേഡിയങ്ങൾക്കു മിൽഖ സിങ്, കപിൽ ദേവ്, പി.ടി. ഉഷ എന്നിവരുടെ പേര് നൽകണമെന്നും കോൺഗ്രസ് വക്താവ് രൺദീപ് സിങ് സുർജേവാല ആവശ്യപ്പെട്ടു.
‘രാജ്യത്തെ ഹോക്കി ഇതിഹാസത്തിന്റെ പേരിൽ ഖേൽരത്ന പുരസ്കാരം അറിയപ്പെടാനുള്ള തീരുമാനം കോൺഗ്രസ് സ്വാഗതം ചെയ്യുന്നു. മോദിയുടെ രാഷ്ട്രീയ നേട്ടങ്ങൾക്കു വേണ്ടി മേജർ ധ്യാൻചന്ദിന്റെ പേര് ഉപയോഗിക്കില്ലെന്ന് പ്രതീക്ഷിക്കുന്നു. രാജീവ് ഗാന്ധി എന്തെങ്കിലും അവാർഡുകളുടെ പേരിലല്ല അറിയപ്പെടുന്നത്. ആശയങ്ങളുടെയും ജീവത്യാഗത്തിന്റെയും പ്രതിബദ്ധതയുടെയും പേരിലാണ്. ഇതെല്ലാമാണു രാജ്യത്തെ പുതിയ നൂറ്റാണ്ടിലേക്കു നയിച്ചത്’ സുർജേവാല പ്രതികരിച്ചു.
‘രാജ്യത്തെ ഏറ്റവും വലിയ കായിക ബഹുമതി ധ്യാൻചന്ദിന്റെ പേരിലാക്കിയത് അദ്ദേഹത്തോടുള്ള ഏറ്റവും വലിയ ആദരവാണ്’– കേന്ദ്രമന്ത്രി അമിത് ഷാ പ്രതികരിച്ചു. പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്, കായികമന്ത്രി അനുരാഗ് ഠാക്കൂർ എന്നിവരെല്ലാം മോദിക്കു കയ്യടിയുമായി ട്വീറ്റ് ചെയ്തു. ഭാവിയിൽ സ്പോർട്സ് സ്റ്റേഡിയങ്ങൾ കായികതാരങ്ങളുടെ പേരിലാക്കുമെന്നു പ്രതീക്ഷിക്കുന്നുവെന്ന് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ഇർഫാൻ പഠാൻ ട്വിറ്ററിൽ കുറിച്ചു.
English Summary: Congress demands name change for modi and jaitley stadiums