ഗുജറാത്തിൽ ഭൂപേന്ദ്ര പട്ടേൽ; മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ഇന്ന്
Mail This Article
ഗാന്ധിനഗർ ∙ ഗുജറാത്ത് മുഖ്യമന്ത്രിയായി ഭൂപേന്ദ്ര പട്ടേലിനെ (59) തിരഞ്ഞെടുത്തു. ഇന്ന് ഉച്ചയ്ക്ക് 2.20നാണു സത്യപ്രതിജ്ഞ. ബിജെപി കേന്ദ്രനേതൃത്വത്തിന്റെ നിർദേശപ്രകാരം രാജിവച്ച വിജയ് രൂപാണി തന്നെയാണ് എംഎൽഎമാരുടെ യോഗത്തിൽ പട്ടേലിന്റെ പേരു നിർദേശിച്ചത്. ബിജെപി നിരീക്ഷകരായി കേന്ദ്രമന്ത്രിമാരായ നരേന്ദ്രസിങ് തോമർ, പ്രഹ്ലാദ് ജോഷി, പാർട്ടി ജനറൽ സെക്രട്ടറി തരുൺ ഛുഗ് എന്നിവരുമുണ്ടായിരുന്നു. വൈകിട്ടു ഗവർണറെ സന്ദർശിച്ച ഭൂപേന്ദ്ര പട്ടേൽ, മന്ത്രിസഭയുണ്ടാക്കാൻ അവകാശവാദം ഉന്നയിച്ചു.
ഈ നിയമസഭയിലെ കന്നി എംഎൽഎമാരിലൊരാളായ പട്ടേലിന്റെ പേര് സാധ്യതാപട്ടികയിൽ പറഞ്ഞുകേട്ടിരുന്നില്ല. ഘാട്ട്‌ലോഡിയ മണ്ഡലത്തിൽനിന്ന് ഒരു ലക്ഷത്തിലേറെ വോട്ടിന്റെ റെക്കോർഡ് ഭൂരിപക്ഷത്തിലായിരുന്നു 2017ലെ വിജയം. സംസ്ഥാനത്തെ പ്രബലരായ പട്ടേൽ സമുദായത്തെ അനുനയിപ്പിക്കാനുള്ള നീക്കമായി ഭൂപേന്ദ്ര പട്ടേലിന്റെ സ്ഥാനലബ്ധി വിലയിരുത്തപ്പെടുന്നു.
രൂപാണിയുടെ ഭരണത്തിൽ തങ്ങൾ അവഗണിക്കപ്പെടുന്നതായി സമുദായത്തിനു പരാതിയുണ്ടായിരുന്നു. പട്ടേൽ വിഭാഗത്തിലെ കഡ്‌വ ഉപസമുദായ അംഗമാണ് ഭൂപേന്ദ്ര പട്ടേൽ. മുൻ മുഖ്യമന്ത്രി ആനന്ദിബെൻ പട്ടേലിന്റെ വിശ്വസ്തനാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും താൽപര്യമുള്ളയാളാണ്. സിവിൽ എൻജിനീയറിങ് ഡിപ്ലോമ ബിരുദധാരിയായ പട്ടേൽ, അഹമ്മദാബാദ് വികസന അതോറിറ്റി ചെയർമാനായിരുന്നു.
മുഖ്യമന്ത്രി മാത്രമേ ഇന്നു സത്യപ്രതിജ്ഞ ചെയ്യൂ എന്നും കൂടിയാലോചനകൾക്കുശേഷമാകും മന്ത്രിമാരെ നിശ്ചയിക്കുകയെന്നും പാർട്ടി സംസ്ഥാന അധ്യക്ഷൻ സി.ആർ. പാട്ടീൽ പറഞ്ഞു.
English Summary: Bhupendra Patel as Gujarat CM