മുൻ കേന്ദ്രമന്ത്രിയും ബിജെപി സിറ്റിങ് എംപിയുമായ ബാബുൽ സുപ്രിയോ തൃണമൂലിൽ
Mail This Article
കൊൽക്കത്ത ∙ മുൻ കേന്ദ്രമന്ത്രിയും ബിജെപിയുടെ സിറ്റിങ് എംപിയുമായ ബാബുൽ സുപ്രിയോ തൃണമൂൽ കോൺഗ്രസിൽ ചേർന്നു. രണ്ടു മാസം മുൻപ് കേന്ദ്ര മന്ത്രിസഭയിൽനിന്നു പുറത്തായ ബാബുൽ തൃണമൂൽ ജനറൽ സെക്രട്ടറി അഭിഷേക് ബാനർജിയുടെ സാന്നിധ്യത്തിലാണു പാർട്ടിയിലെത്തിയത്. നിയമസഭാ തിരഞ്ഞെടുപ്പിനു ശേഷം 4 ബിജെപി എംഎൽഎമാർ തൃണമൂലിൽ ചേർന്നിരുന്നു. അറിയപ്പെടുന്ന ചലച്ചിത്ര പിന്നണി ഗായകനായ ബാബുൽ അവതാരകനായും നടനായും തിളങ്ങിയിട്ടുണ്ട്.
ഭവാനിപുർ ഉപതിരഞ്ഞെടുപ്പിൽ മമത ബാനർജിക്കെതിരെ മത്സരിക്കുന്ന പ്രിയങ്ക ടിബ്രവാൾ ബാബുൽ സുപ്രിയോയുടെ നിയമോപദേശകയാണ്. പ്രിയങ്കയുടെ രാഷ്ട്രീയ ഗുരുവാണു ബാബുൽ. പ്രിയങ്കക്ക് അനുകൂലമായി കഴി ഞ്ഞ ദിവസം ട്വീറ്റ് ചെയ്ത ബാബുൽ സുപ്രിയോയുടെ തൃണമൂൽ പ്രവേശനം അമ്പരിപ്പിക്കുന്നതായി. മമത ബാനർജിയുടെ ഏറ്റവും വലിയ വിമർശകരിൽ ഒരാളായിരുന്ന ബാബുലിനെ ഭവാനിപുരിലെ ബിജെപിയുടെ താരപ്രചാരകരിൽ ഒരാളായി നിശ്ചയിച്ചിരുന്നു.
ഉപതിരഞ്ഞെടുപ്പിനു രണ്ടാഴ്ച മാത്രം ബാക്കിനിൽക്കെ ബാബുൽ തൃണമൂലിൽ ചേർന്നത് ബംഗാൾ ബിജെപിക്ക് കനത്ത തിരിച്ചടിയായി. ഒരു ഡസനോളം ബിജെപി എംഎൽഎമാർ തൃണമൂൽ കോൺഗ്രസിൽ ചേരാൻ ഒരുങ്ങുന്നതായാണു റിപ്പോർട്ടുകൾ. ഒട്ടേറെ എംഎൽഎമാർ തന്നെ ബന്ധപ്പെടുന്നുണ്ടെന്ന് ബിജെപിയിൽ നിന്നു തൃണമൂലിലേക്കുള്ള പ്രവാഹത്തിനു തുടക്കമിട്ട മുതിർന്ന നേതാവ് മുകുൾ റോയ് പറഞ്ഞിരുന്നു.
English Summary: BJP MP Babul Supriyo joins TMC