ADVERTISEMENT

ന്യൂഡൽഹി ∙ വിദേശത്തുള്ള രഹസ്യസ്വത്തുക്കൾ സംബന്ധിച്ച പാൻഡോറ രേഖകളിൽ കൂടുതൽ ഇന്ത്യക്കാരുടെ പേരുകൾ പുറത്തുവന്നു. മുൻ മിലിറ്ററി ഇന്റലിജൻസ് മേധാവി റിട്ട.ലഫ്.ജനറൽ രാകേഷ് ലൂംബയും മകൻ രാഹുലും കിഴക്കൻ ആഫ്രിക്കൻ രാജ്യമായ സെയ്ഷൽസിൽ നിക്ഷേപത്തിനായി 2016 ൽ രാരിന്ത് പാർട്ണേഴ്സ് എന്ന കമ്പനി തുടങ്ങിയതായാണ് രേഖകൾ ചൂണ്ടിക്കാട്ടുന്നത്. 2010 ൽ വിരമിക്കുമ്പോൾ രാകേഷ് ലൂംബ മിലിറ്ററി ഇന്റലിജൻസ് മേധാവിയായിരുന്നു. 

പ്രമുഖ ഉരുക്കു വ്യവസായി ലക്ഷ്മി മിത്തലിന്റെ സഹോദരനും വ്യവസായിയുമായ പ്രമോദ് മിത്തലിന് വിദേശത്ത് കോടികളുടെ നിക്ഷേപമുണ്ടെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. യുകെയിൽ പാപ്പർ ഹർജി നൽകിയിരുന്നു പ്രമോദ്. തട്ടിപ്പ്, അധികാര ദുരുപയോഗം എന്നീ കുറ്റങ്ങൾക്ക് 2019ൽ ബോസ്നിയ പൊലീസ് പ്രമോദിനെ അറസ്റ്റ് ചെയ്തിരുന്നു. 

ഇന്ത്യൻ നിർമിത വിദേശമദ്യ കമ്പനിയായ റാഡികോ ഖയ്ത്താന്റെ ഉടമകൾക്ക് ഓഫ്ഷോർ കമ്പനികളിൽ നിക്ഷേപമുണ്ടെന്നും രേഖകൾ പറയുന്നു. 

ഡൽഹിയിലെ സീതാറാം ഭാർടിയ ആശുപത്രി നടത്തുന്ന കുടുംബത്തിനു കെയ്മാൻ ദ്വീപിൽ 3.5 കോടി ഡോളറിന്റെ നിക്ഷേപമുണ്ട്.

ഇന്റർനാഷനൽ കൺസോർഷ്യം ഫോർ ഇൻവെസ്റ്റിഗേറ്റീവ് ജേണലിസ്റ്റ്സാണ് ഒരു വർഷം നീണ്ട അന്വേഷണം നടത്തിയത്. 

കൂടുതൽ വിവരങ്ങൾ വരും ദിവസങ്ങളിൽ പുറത്തുവരും. മാതൃരാജ്യത്തെ നികുതി നിയമങ്ങൾ ലംഘിച്ചും നിയമവിരുദ്ധമായും സമ്പാദിച്ചതെന്നു കരുതുന്ന പണം, നികുതിയിളവുള്ള രാജ്യങ്ങളിലെ 'കടലാസ് കമ്പനി'കളിൽ നിക്ഷേപിച്ചവരുടെ പട്ടികയാണ് പാൻഡോറ രേഖകളിലൂടെ പുറത്തുവരുന്നത്.

English Summary: Pandora papers; Indian names 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com